പാകിസ്താനിൽ പൊലീസ് ട്രക്കിന് നേരെ ചാവേർ ആക്രമണം; നാലു മരണം
text_fieldsഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ പൊലീസ് ട്രക്കിനു നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 26 പേർക്ക് പരിക്കേറ്റു. പോളിയോ പ്രതിരോധ പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുകയായിരുന്ന അർധ സൈനികരുടെ പൊലീസ് ട്രക്കിനു നേരെയാണ് ക്വറ്റയിലെ ബലേലിയിൽ ആക്രമണമുണ്ടായത്.
സ്ഫോടക വസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊലീസ് ട്രക്കിൽ ഇടിക്കുകയായിരുന്നു. രണ്ട് കുട്ടികളും ഒരു സ്ത്രീയും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ 23 പേരും പൊലീസുകാരാണ്. മൂന്ന് വാഹനങ്ങളാണ് ആക്രമണത്തിൽ തകർന്നതെന്ന് ക്വറ്റ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഗുലാം അസ്ഫർ മഹേസർ പറഞ്ഞു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തഹ്‍രീകെ താലിബാൻ പാകിസ്താൻ (പാകിസ്താനി താലിബാൻ) ഏറ്റെടുത്തു. സംഘടന വെടിനിർത്തൽ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം. ആഗസ്റ്റിൽ അഫ്ഗാനിസ്താനിൽ ഒമർ ഖാലിദ് ഖുറാസ്നി(അബ്ദുൽ വാലി) കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി ശെഹ്ബാസ് ശെരീഫ് സംഭവത്തെ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.