മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ അണുവായുധ പ്രയോഗമുണ്ടാകും; റഷ്യയുടെ മുന്നറിയിപ്പ്
text_fieldsമൂന്നാം ലോകമഹായുദ്ധമുണ്ടായാൽ ആണവായുധം ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി റഷ്യ. തുടങ്ങിവെച്ചാൽ ആണവായുധങ്ങൾ പ്രയോഗിച്ചുള്ള ഒരു മൂന്നാം ലോകമഹായുദ്ധം നടക്കുമെന്നും അത് വിനാശകരമാവുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകി. അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് ലാവ്‌റോവിന്റെ പ്രസ്താവന. യുക്രൈനുമായി രണ്ടാം റൗണ്ട് ചർച്ചക്ക് തങ്ങൾ തയ്യാറാണെന്നും എന്നാൽ അമേരിക്ക അതിന് തടസ്സം നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ''ഞങ്ങൾ രണ്ടാം റൗണ്ട് ചർച്ചകൾക്ക് തയ്യാറാണ്. എന്നാൽ യുക്രെയ്ൻ യു.എൻ നിർദേശമനുസരിച്ച് സമയം വെച്ച് കളിക്കുകയാണ്''-ലാവ്‌റോവ് പറഞ്ഞു.
അതിനിടെ റഷ്യക്കെതിരെ കടുത്ത വിമർശനവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് വ്യക്തതയില്ലെന്നും ബൈഡൻ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് യു.എസ് പ്രസിഡന്റിന്റെ പരാമർശം.
റഷ്യൻ ആക്രമണത്തെ തുടർന്ന് നിരവധിയാളുകളാണ് യുക്രൈനിൽ നിന്നും പലായനം ചെയ്തത്. റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കിയവ് ആക്രമിച്ചു കീഴടക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന വാർത്തയും പുറത്തുവരുന്നു.
2014-ൽ റഷ്യ പിടിച്ചെടുത്ത ഉപദ്വീപായ ക്രിമിയയുടെ വടക്ക് ഭാഗത്തുള്ള കെർസണിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.'യുദ്ധഭൂമിയിൽ റഷ്യയ്ക്കു നേട്ടമുണ്ടാക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ പുടിന് വലിയ വില നൽകേണ്ടിവരും,' ബൈഡൻ തന്റെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ പറഞ്ഞു. എന്താണ് വരാൻ പോകുന്നതെന്ന് അയാൾക്ക് അറിയില്ലെന്നും അദ്ദേഹം വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.