ലോകം ഇത് പടക്കളം; യുദ്ധങ്ങളും രാഷ്ട്രീയ പ്രക്ഷുബ്ധതകളും നിറഞ്ഞ വർഷം...
text_fieldsസങ്കീർണ സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വികസിക്കുകയാണ്. ഗസ്സയും ലബനാനും കടന്ന് പ്രത്യക്ഷ യുദ്ധമുഖം യമനിലേക്ക് നീളുന്നതാണ് വർഷാന്ത്യത്തിലെ സൂചനകൾ. ഇറാൻ -ഇസ്രായേൽ നേരിട്ടുള്ള യുദ്ധം വിദൂര സാധ്യതയല്ല. തുർക്കിയ കളത്തിനരികെ തന്നെയുണ്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മൂന്ന് വർഷത്തോടടുക്കുന്നു. ബെലറൂസും പോളണ്ടും ഹംഗറിയുമെല്ലാം ഇതിൽ നേരിട്ട് കക്ഷി ചേരാനുമിടയുണ്ട്.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങി യൂറോപ്പിലെ വൻശക്തി രാഷ്ട്രങ്ങൾ പ്രകോപനം തുടർന്നാൽ ആക്രമണത്തിന് മടിക്കില്ലെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. സുഡാൻ ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലാണ്. കൊറിയൻ മേഖല, ചൈന -തായ്‍വാൻ തുടങ്ങി പല സ്ഥലങ്ങളിലും സംഘർഷത്തിന്റെ കാർമേഘം മൂടിക്കെട്ടിനിൽക്കുന്നു. ചെറിയൊരു തീപ്പൊരിയിൽ ആളിപ്പടർന്നേക്കാവുന്ന വിധം സർവ സജ്ജമായാണ് രാജ്യങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിന് തൊട്ടുമുമ്പാണ് ഇത്തരമൊരു സങ്കീർണ സാഹചര്യം നിലവിലുണ്ടായിരുന്നത്. ആയുധങ്ങളുടെ വ്യാപ്തിയും ശേഷിയും അന്നത്തേതിനേക്കാൾ ആയിരം മടങ്ങ് വർധിച്ചതിനാൽ ഇനിയൊരു ലോകയുദ്ധമുണ്ടായാൽ ചിന്തിക്കാവുന്നതിനപ്പുറമുള്ള ദുരന്തമാകും.
ഇസ്രായേലിനെ ആര് പിടിച്ചുകെട്ടും
ലോക മനഃസാക്ഷിയെയും യു.എൻ ഉൾപ്പെടെ അന്താരാഷ്ട്ര വേദികളെയും നോക്കുകുത്തിയാക്കി, അധിനിവേശ രാഷ്ട്രമായ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതി 2024ന്റെ നോവുചിത്രമായി. യുദ്ധനിയമങ്ങളും മനുഷ്യാവകാശവും യു.എൻ മാർഗനിർദേശങ്ങളും കരാറുകളും കാറ്റിൽ പറത്തി പരിധി ലംഘിച്ചുള്ള ക്രൂരതയാണ് അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്നത്. ഗസ്സ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെങ്കിലും നേരത്തെ നടന്ന ചർച്ചകൾ ഇസ്രായേൽ പുതിയ വ്യവസ്ഥ മുന്നോട്ടുവെച്ച് അട്ടിമറിച്ച അനുഭവമാണുള്ളത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത് വരെയെത്തി ഇസ്രായേലിന്റെ ധാർഷ്ട്യം. ലോക പൊലീസായ അമേരിക്കയുടെ നിരുപാധിക പിന്തുണയാണ് ഈ അഹങ്കാരത്തിനാധാരം. എന്നാൽ, ഇതിനെ തെല്ലും ഭയക്കാതെ പ്രതിരോധം തീർക്കുന്ന ചെറുസംഘങ്ങൾ ലോകരാഷ്ട്രീയം തന്നെ മാറ്റിയെഴുതിയേക്കാം.
ഫലസ്തീൻ ശരിയാകാതെ ഒന്നും ശരിയാകില്ല
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിനകത്ത് കടന്നുകയറി നടത്തിയ ‘അൽ അഖ്സ പ്രളയം’ പശ്ചിമേഷ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിയെഴുതുമെന്ന വിലയിരുത്തൽ കൃത്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് അവിടെ നടക്കുന്ന സംഭവവികാസങ്ങൾ. സ്വതന്ത്ര ഫലസ്തീൻ രൂപവത്കരിക്കാതെ പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം സാധ്യമാകില്ലെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. ചുറ്റുപാടും തീയിട്ടുകൊണ്ട് ഇസ്രായേലിനും സമാധാനമായി ഉറങ്ങാൻ കഴിയില്ല. കൊടും ക്രൂരത ഇസ്രായേലിനെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ദുർബലപ്പെടുത്തുകയാണ് ചെയ്തത്. കൂടുതൽ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. അമേരിക്കയിലെയും യൂറോപ്പിലെയും കാമ്പസുകളിൽ അലയടിച്ച ‘സ്വതന്ത്ര ഫലസ്തീൻ’ പ്രക്ഷോഭം ഭരണകൂടങ്ങളെ വരെ പിടിച്ചുകുലുക്കി.
അധികാര സിംഹാസനമിളകി
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അസദ് കുടുംബ വാഴ്ചയെ കടപുഴക്കിയാണ് പ്രതിപക്ഷ സേനാവിഭാഗങ്ങൾ സിറിയയിൽ അധികാരം പിടിച്ചത്. ബശ്ശാറുൽ അസദിന്റെ രണ്ടര പതിറ്റാണ്ടോളം നീണ്ട ഭരണം വേട്ടയുടെയും കൂട്ടക്കശാപ്പിന്റെയുമായിരുന്നു. പുതിയ സർക്കാർ വന്നതിന് ശേഷവും സിറിയയിൽ സ്ഥിരത കൈവരിച്ചിട്ടില്ല. സിറിയയുടെ പരമാധികാരം ലംഘിച്ച് ഇസ്രായേൽ ആക്രമണം നടത്തുമ്പോൾ നിസ്സഹരാകാൻ മാത്രമേ പുതിയ ഭരണകൂടത്തിന് കഴിയുന്നുള്ളൂ. വിവിധ രാഷ്ട്രങ്ങൾ കടന്നുകയറിയപ്പോൾ ബഹുമുഖ താൽപര്യക്കാരുടെ കളിസ്ഥലമാവുകയാണോ സിറിയ എന്ന് ആശങ്കപ്പെടണം. ഇസ്രായേൽ, തുർക്കിയ, ലബനാൻ, ഇറാഖ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സിറിയയുടെ ഭൂമിശാസ്ത്ര സ്ഥാനം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഏറെ പ്രധാനമാണ്.
ഒന്നര പതിറ്റാണ്ടിലേറെ നീണ്ട ബംഗ്ലാദേശിലെ ശൈഖ് ഹസീന ഭരണവും പ്രതിപക്ഷ വേട്ടയുടെയും കൂട്ടക്കൊലകളുടെയും പേരിൽ അറിയപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കാളിയായവരുടെ പിൻതലമുറക്ക് കൂടി സംവരണം ഏർപ്പെടുത്താനുള്ള തീരുമാനമാണ് ഹസീന ഭരണകൂടത്തിന്റെ അടിത്തറയിളക്കിയത്. പ്രക്ഷോഭകർ കൊട്ടാരം വളഞ്ഞപ്പോൾ 16 വർഷത്തെ ഭരണം അവസാനിപ്പിച്ച് അവർക്ക് ഇന്ത്യയിലേക്ക് നാടുവിടേണ്ടിവന്നു. നൊബേൽ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം ശൈഖ് ഹസീനയെ വിചാരണക്കായി വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാറിന് താൽപര്യം ശൈഖ് ഹസീനയെയാണ്.
ട്രംപ് എന്ത് മാറ്റം കൊണ്ടുവരും
യു.എസിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തുന്നത് എന്തൊക്കെ മാറ്റം കൊണ്ടുവരുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബൈഡൻ പിന്മാറി കമല ഹാരിസിനെ സ്ഥാനാർഥിയാക്കിയിട്ടും ഡെമോക്രാറ്റുകൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല. ബൈഡന്റെ വിദേശനയം തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
പ്രവചനാതീതനായ നേതാവ് എന്നാണ് ട്രംപിനെ വിശേഷിപ്പിക്കാറുള്ളത്. കടുത്ത തീരുമാനങ്ങളുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയേറ്റ വിരുദ്ധത, താരിഫ് ഉയർത്തൽ ഭീഷണി തുടങ്ങിയവയൊക്കെയാണ് പ്രഖ്യാപിത നയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.