വഴികാട്ടിയായി എത്തിയ അഭിലാഷ് ആറുപേർക്ക് രക്ഷകനായി
text_fieldsകട്ടപ്പന: വഴികാട്ടിയായി വിദ്യാർഥി സംഘത്തിനൊപ്പം അഞ്ചുരുളിയിൽ എത്തിയ അഭിലാഷിന്റെ ധൈര്യവും സമയോചിത ഇടപെടലും രക്ഷിച്ചത് ആറ് പെൺകുട്ടികളുടെ ജീവൻ. ശനിയാഴ്ച ഇടുക്കി ജലാശയത്തിൽ മുങ്ങിമരിച്ച എറണാകുളത്തുനിന്നുള്ള പ്ലസ് ടു വിദ്യാർഥിനി ഇഷ ഫാത്തിമക്കൊപ്പം അപകടത്തിൽപെട്ട ആറുപേരുടെ ജീവൻ രക്ഷിച്ചത് സമീപവാസിയായ അഭിലാഷാണ്.
മേസ്തിരിപ്പണിക്കാരനായ അഭിലാഷ് ശനിയാഴ്ച പണിയില്ലാതിരുന്നതിനാൽ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയം എറണാകുളത്തുനിന്ന് ട്രക്കിങ്ങിന് എത്തിയ ഒമ്പതംഗസംഘം വഴികാട്ടാൻ അഭിലാഷിന്റെ സഹായം തേടി. മുമ്പ് സഞ്ചാരികൾക്ക് വഴികാട്ടി പരിചയമുള്ള അഭിലാഷ് അവരോടൊപ്പം അഞ്ചുരുളി തടാകതീരത്തേക്ക് പോകുകയായിരുന്നു.
ജലാശയത്തിലേക്കുള്ള വീഴ്ചക്കിടെ ഇഷ ഫാത്തിമ മറ്റുള്ളവരെ കയറി പിടിച്ചതോടെയാണ് ബാക്കിയുള്ളവരും വീണത്. ഈ സമയം അഭിലാഷ് അൽപം മാറി നിൽക്കുകയായിരുന്നു. കുട്ടികളുടെ കൂട്ടക്കരച്ചിൽ കേട്ട് അഭിലാഷ് ഓടിയെത്തി ജലാശയത്തിൽ ചാടി ഓരോരുത്തരെയായി രക്ഷപ്പെടുത്തി കരയിലെത്തിച്ചു. നീന്തൽ അറിയാവുന്ന ഒരു പെൺകുട്ടിയുടെ സഹോദരനും ടീം ലീഡർ സനലും രക്ഷാപ്രവർത്തനത്തിന് അഭിലാഷിനെ സഹായിച്ചു. ഇഷ ഫാത്തിമയെ കാണാനില്ലെന്നറിഞ്ഞ് അഭിലാഷ് വീണ്ടും ജലാശയത്തിൽ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല. നന്നായി നീന്താൻ അറിയാവുന്ന അഭിലാഷിന്റെ സാന്നിധ്യമാണ് സംഘത്തിന് തുണയായത്.
അല്ലെങ്കിൽ രണ്ട് കിലോമീറ്റർ അകലെനിന്ന് ആളുകളെത്തി സഹായിക്കുമ്പോഴേക്കും കൂടുതൽപേർ ദുരന്തത്തിൽപെട്ടേനെ. പ്രസീതയാണ് അഭിലാഷിന്റെ ഭാര്യ. പാർവതി, ആദിത്യൻ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.