ഇസ്രായേൽ തട്ടിക്കൊണ്ടുപോയ കമാൽ അദ്‌വാൻ ആശുപത്രിയിലെ 70 ജീവനക്കാർ എവിടെ? ക്രൂരമർദനമെന്ന് അജ്ഞാത കേന്ദ്രത്തിൽനിന്ന് മോചിതരായവർ
text_fieldsഗസ്സ സിറ്റി: കമാൽ അദ്‌വാൻ ആശുപത്രിയിൽനിന്ന് ഇസ്രായേൽ അധിനിവേശ സേന തട്ടിക്കൊണ്ടുപോയ 70 ഓളം ജീവനക്കാരെ കുറിച്ച് ഇപ്പോഴും വിവരമൊന്നും ലഭ്യമല്ലെന്ന് ഐക്യരാഷ്ട്രസഭ. അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയ ഇവരിൽ അഞ്ച് ഡോക്ടർമാരെയും വനിതാ ജീവനക്കാരെയും ഇന്നലെ മോചിപ്പിച്ചിരുന്നു. തടങ്കലിൽ ക്രൂരപീഡനമാണ് തങ്ങൾ നേരിട്ടതെന്നും സൈന്യം തങ്ങളെ മർദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതായും ഇവർ പറഞ്ഞു.
ആശുപത്രിക്ക് നേരെ നടന്ന തുടർച്ചയായ ബോംബിങ്ങിനും ആക്രമണങ്ങൾക്കും ശേഷം തിങ്കളാഴ്ചയോടെയാണ് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ ഇസ്രായേൽ പിടിച്ചുകൊണ്ടുപോയത്. ആരോഗ്യ സംവിധാനങ്ങൾക്ക് നേരെ അതിക്രമം അരുതെന്ന അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു നീക്കം. നേരത്തെ ഇന്തോനേഷ്യൻ ആശുപത്രിക്കും അൽശിഫ ആശുപത്രിക്കും അൽ അഹ്‍ലി അറബ് ആശുപത്രിക്കും അൽ-നാസർ ആശുപത്രിക്കും നേരെ നടന്ന അതേ രീതിയിലുള്ള ഭീകരമായ ആക്രമണത്തിനാണ് കമാൽ അദ്‍വാൻ ആശുപത്രിയും ഇരയായത്.
കഴിഞ്ഞ മാസംമുതൽ തന്നെ ആശുപത്രിക്ക് നേരെ ബോംബിങ് തുടങ്ങിയിരുന്നു. നവംബർ 19ന് ശിശുരോഗ വിഭാഗം ഐ.സി.യു ആക്രമിക്കപ്പെട്ടു. കഴിഞഞ ദിവസം ഗുരുതരാവസ്ഥയിലുള്ള നൂറുകണക്കിന് രോഗികളെയും ഗർഭിണികളെയും ചികിത്സിക്കുന്ന ആശുപത്രിയിലെ പ്രസവവാർഡിന് നേരെയും ബോംബാക്രമണം നടന്നു. വാർഡിലുണ്ടയിരുന്ന രണ്ടു രോഗികൾ മരിച്ചു. കാലുകൾ ചിന്നിച്ചിതറിയ രണ്ടുപേരുടേത് മുറിച്ചുമാറ്റേണ്ടി വന്നു. തുടർ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ നിരവധി പേരാണ് മരിച്ചുവീണത്.
ചൊവ്വാഴ്ചയും ആശുപത്രിക്ക് നേരെ രൂക്ഷമായ ബോംബാക്രമണം നടന്നതായി കമാൽ അദ്‌വാൻ ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. ഹൊസാം അബു സഫിയ സി.എൻ.എന്നിനോട് ഫോൺ അഭിമുഖത്തിൽ പറഞ്ഞു. തുടർന്ന് ഇസ്രയേൽ സൈനികർ ഇരച്ചുകയറി. ആശുപത്രി ഡയറക്ടർ ഡോ. അഹമ്മദ് അൽ-കഹ്‌ലോട്ട് ഉൾപ്പെടെ 70ലേറെ മെഡിക്കൽ സ്റ്റാഫുകളെയാണ് സൈന്യം അജ്ഞാതകേന്ദ്രത്തിലേക്ക് തടങ്കലിലാക്കിയത്.
എന്നാൽ, ആശുപത്രി ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇസ്രായേൽ സേന പ്രതികരിച്ചില്ല. ഹമാസ് ശക്തികേന്ദ്രങ്ങൾക്കെതിരെയാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന മറുപടിയാണ് അവർ നൽകിയത്. ഗസ്സയിലെ ആശുപത്രികളിലും പരിസരങ്ങളിലും ഇസ്രായേൽ ആക്രമണം അഴിച്ചുവിടുന്നത് ആഗോളതലത്തിൽ കടുത്ത വിമർശനത്തിന് ഇടയാക്കുന്നതിനിടെയാണ് ഈ കണ്ണിൽചോരയില്ലാത്ത നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.