സാപ്രോഷ്യ യൂണിവേഴ്സിറ്റിയിൽ കുടുങ്ങിക്കിടക്കുന്നത് 700 ഒാളം മലയാളികൾ
text_fieldsറഷ്യൻ ആക്രമണം നടക്കുന്ന യുക്രൈയിനിന്റെ തെക്കുകിഴക്കൻ മേഖലയിലെ സാപ്രോഷ്യ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ കുടുങ്ങിക്കിടക്കുന്നത് 700 ഒാളം മലയാളി വിദ്യാർഥികൾ. ഇവിടെ 1480 ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നുള്ള വിദ്യാർഥികൾ മാധ്യമത്തോട് പറഞ്ഞു.
ഇവരെ തിരിച്ചെത്തിക്കുന്നതിന് ഇന്ത്യൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഇടപെടലൊന്നും ഉണ്ടായിട്ടില്ല. സാപ്രോഷ്യയിൽ നിന്നും റുമേനിയൻ അതിർത്തിയിലെത്താൻ പ്രത്യേക ട്രെയിൻ അനുവദിക്കാൻ അധികൃതർ ഇടപെടണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. റോഡ് മാർഗം സഞ്ചരിക്കാനുള്ള ശ്രമങ്ങൾ ഇവർ നടത്തിയെങ്കിലും വാഹനങ്ങൾ കിട്ടാത്ത സാഹചര്യമാണ്.
ഭക്ഷണ സാധനങ്ങൾക്കും കുടിവെള്ളത്തിനും ക്ഷാമമുണ്ടെന്ന് വിദ്യാർഥിയായ കണ്ണൂർ സ്വദേശി ഇർഫാൻ പറഞ്ഞു. സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. യൂണിവേഴ്സിറ്റിക്ക് പുറത്ത് തീയും പുകയും കാണുന്നുണ്ട്. ഇന്ത്യൻ എംബസി വഴി സാപ്രോഷ്യ മേയറുമായി ബന്ധപ്പെട്ടാൽ പ്രത്യേക ട്രെയിൻ അനുവദിക്കാൻ സാധ്യതയുണ്ടെന്നും അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടലുണ്ടായില്ലെങ്കിൽ നൂറു കണക്കിന് വിദ്യാർഥികളുടെ ജീവൻ അപകടത്തിലാകുമെന്നും ഇർഫാൻ പറഞ്ഞു.
ഒന്നോ രണ്ടോ ആപ്പിൾ കഴിച്ചാണ് വിശപ്പടക്കുന്നതെന്നും ഭക്ഷണം തീർന്നു പോകുമോയെന്ന ഭീതിയിലാണ് ഹോസ്റ്റലിൽ കഴിയുന്നതെന്നും കോഴിക്കോട് സ്വദേശിനി നിഹ്മ പറഞ്ഞു. ഒാരോ അലാറം കേൾക്കുമ്പോഴും ഭീതിയോടെ ബങ്കറിലേക്ക് ഒാടുകയാണെന്നും നിഹ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.