ആമസോണിെല ഖനന മാഫിയക്കെതിരെ നടപടി തുടങ്ങി
text_fieldsബ്രസീലിയ: ‘ഭൂമിയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്ന ആമസോൺ കാടുകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഖനന മാഫിയയെ അടിച്ചമർത്താൻ കർശന നടപടിയുമായി ബ്രസീൽ സർക്കാർ. സ്വർണം തേടി ആമസോണിന്റെ ഉള്ളറകളിലേക്കു പോയ മാഫിയ സംഘം തദ്ദേശീയ ആദിവാസി സമൂഹമായ യനോമാമികൾക്ക് ഭീഷണിയായതോടെയാണ് അധികൃതർ നടപടി തുടങ്ങിയത്.
ആമസോണിന്റെ മുകളിലൂടെ ഹെലികോപ്ടറിൽ നിരീക്ഷണം നടത്തി ഖനനമേഖലകളും സംഘങ്ങളെയും തിരിച്ചറിഞ്ഞാണ് ഇബാമ എൻവയൺമെന്റൽ ഏജൻസിയുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചത്. ഹെലികോപ്ടർ നിരീക്ഷണത്തിൽ ആമസോണിനുള്ളിൽ ഉണ്ടാക്കിയ താമസകേന്ദ്രങ്ങളും യന്ത്രങ്ങളും എല്ലാം കണ്ടെത്തി. ആമസോണിലേക്കുള്ള രണ്ട് നദികൾ വഴിയുള്ള പ്രവേശനവും തടഞ്ഞതായി ഇബാമ കോഓഡിനേറ്റർ ഫെലിപെ ഫിംഗർ പറഞ്ഞു. കാട്ടിലെ ഖനന കേന്ദ്രങ്ങളിൽ ആഴ്ചകൾ താമസിക്കാവുന്ന മുറികൾ, അടുക്കള, ശുചിമുറികൾ അടക്കം സൗകര്യങ്ങളാണ് കണ്ടെത്തിയത്. ഇവയെല്ലാം തകർക്കുകയും ഒരാളെ പിടികൂടുകയും ചെയ്തു. വലതുപക്ഷ നേതാവ് ജോയ്ർ ബൊൽസനാരോയുടെ ഭരണകാലത്താണ് ആമസോണിലെ തദ്ദേശീയ- ആദിവാസി സമൂഹങ്ങളിലേക്ക് കടന്നുകയറാൻ ഖനന മാഫിയക്ക് അവസരം ഒരുക്കിയത്. 20,000ത്തിലധികം ഖനനക്കാർ ആമസോണിലേക്ക് കടന്നുകയറിയിട്ടുണ്ടെന്നാണ് യനോമാമി നേതാക്കൾ പറയുന്നത്. ഇവർ തദ്ദേശീയ ജനസമൂഹങ്ങളെ കൊല്ലുകയും സ്ത്രീകളെ പീഡിപ്പിക്കുകയും വനം നശിപ്പിക്കുകയും പുഴ മലിനമാക്കുകയും ചെയ്തു. 2022ൽ മാത്രം നൂറിലധികം കുട്ടികളാണ് മരിച്ചത്. ഇവരിൽ നല്ലൊരു ശതമാനത്തിനും പോഷകാഹാരക്കുറവുണ്ടായിരുന്നു. തദ്ദേശീയ ജനവിഭാഗത്തിന്റെ ജീവനോപാധികളും ജീവിത മാർഗങ്ങളും ഖനന മാഫിയ മൂലം ഇല്ലാതായിരുന്നു. ആമസോണിനുള്ളിൽ വംശഹത്യ നടത്തിയോ എന്നതുസംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഒരാഴ്ച 80,000 രൂപ ശമ്പളം
ബ്രസീലിയ: ഖനന മാഫിയ ആമസോണിനുള്ളിലെ ജോലിക്ക് വൻ തുകയാണ് തൊഴിലാളികൾക്ക് നൽകുന്നത്. കഴിഞ്ഞ ദിവസം റെയ്ഡിനിടെ പിടിയിലായ എഡ്വാഡോ എന്ന 36കാരനാണ് പ്രതിഫലം സംബന്ധിച്ച് വ്യക്തമാക്കിയത്. ഒരാഴ്ച ജോലിക്ക് ശരാശരി ആയിരം ഡോളറാണ് (ഏകദേശം 80,000 രൂപ) പ്രതിഫലം ലഭിക്കുന്നതെന്ന് എഡ്വാഡോ പറഞ്ഞു. ഇത്രയും കൂലി വേറെ എവിടെയാണ് ലഭിക്കുക. അതിനാൽ ഖനനത്തിനായി ആളുകൾ ആമസോണിനുള്ളിൽ കയറുന്നത് തുടരും. പുതിയ പ്രസിഡന്റ് ലൂല ഡിസിൽവക്കും ഇത് തടയൽ ഏറെ ശ്രമകരമായിരിക്കുമെന്നും എഡ്വാഡോ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.