ഗസ്സയിലെ ആക്രമണത്തിന് അദാനി ഡ്രോൺ
text_fieldsതെൽ അവീവ്: ഗസ്സയിൽ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി. ഗൗതം അദാനിക്ക് ഓഹരി പങ്കാളിത്തമുള്ള ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇസ്രായേലിന് 20 മിലിറ്ററി ഡ്രോണുകൾ കൈമാറിയത്. ഗസ്സയിൽ ഉൾപ്പടെ ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്ന ഹേമസ് 900 ഡ്രോണുകളാണ് കൈമാറിയത്. ഗസ്സയിലെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി ഉൾപ്പടെ രംഗത്തെത്തിയിരുന്നു.
പ്രതിരോധ ഇടപാടുകൾ സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിടുന്ന ഷെഫേഡ് മീഡിയ ആണ് ആദ്യമായി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, വാർത്ത പുറത്ത് വന്നിട്ടും ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ ഇന്ത്യയോ ഇസ്രായേലോ തയാറായില്ല. എന്നാൽ, പ്രതിരോധ ഇടപാട് നടന്നുവെന്ന് അദാനി ഗ്രൂപ്പിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ദ വയർ റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് ഇസ്രായേലിന് ഡ്രോണുകൾ കൈമാറിയെന്ന വാർത്ത പുറത്ത് വരുന്നത്. ഇസ്രായേലിന് എഫ്-35 യുദ്ധവിമാനങ്ങളുടെ പാർട്സുകൾ നൽകുന്നത് നിർത്തണമെന്ന് ഡച്ച് ഭരണകൂടത്തോട് ദ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായകോടതി ആവശ്യപ്പെട്ടിരുന്നു. ഇസ്രായേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങൾക്ക് സഹായം നൽകരുതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർദേശം.
ഇസ്രായേലിന് പുറത്ത് ഹേമസ് ഡ്രോണുകൾ നിർമിക്കാനുള്ള ആദ്യ കേന്ദ്രം 2018ലാണ് ഇന്ത്യയിൽ ആരംഭിച്ചത്. ഇസ്രായേലിലെ എൽബിറ്റ് സിസ്റ്റവും അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസും ചേർന്ന് 15 മില്യൺ ഡോളർ മുതൽ മുടക്കിലാണ് ഹൈദരാബാദിൽ കമ്പനി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.