പണമില്ല; അഫ്ഗാൻ എംബസികൾ പ്രതിസന്ധിയിൽ
text_fieldsലണ്ടൻ: വിവിധ ലോകരാജ്യങ്ങളിലെ അഫ്ഗാനിസ്താൻ എംബസികളും ഉദ്യോഗസ്ഥരും ധനസഹായമില്ലാതെ പ്രതിസന്ധിയിൽ. അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ ആസ്തികൾ മരവിപ്പിച്ചതാണ് ഇവർക്ക് തിരിച്ചടിയായത്. എംബസി ഓഫിസുകൾക്ക് വാടക കൊടുക്കാൻപോലും കഴിയാതെ ഉദ്യോഗസ്ഥർ വലയുകയാണെന്ന് 'ദി ടൈംസ്' റിപ്പോർട്ട് ചെയ്തു. മിക്ക രാജ്യങ്ങളിലും തലസ്ഥാന നഗരമധ്യത്തിൽ കനത്ത വാടകയുള്ള മേഖലകളിലാണ് ഓഫിസുകൾ പ്രവർത്തിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ലോകമെങ്ങുമുള്ള 45 എംബസികളും 20 കോൺസുലേറ്റുകളും ചെറിയ ഓഫിസുകളിലേക്ക് ഇതിനകം മാറ്റിക്കഴിഞ്ഞു.വിസ അപേക്ഷ നടപടികൾ വഴി പ്രതിമാസം 2,500 ഡോളറാണ് വാഷിങ്ടണിലെ എംബസിക്ക് ലഭിക്കുന്നത്. അമേരിക്കയിലെ അഫ്ഗാൻ നയതന്ത്ര സ്ഥാപനങ്ങളുടെ ആകെ വരുമാനം ഇതാണ്.
തൽക്കാലം ഓഫിസ് നടത്തിക്കൊണ്ടുപോകാൻ മാത്രമാണ് ഇതുകൊണ്ട് കഴിയുന്നതെന്നും ശമ്പളം മാസങ്ങളായി കുടിശ്ശികയാണെന്നും എംബസി ഉപമേധാവി അബ്ദുൽ ഹാദി നജ്റാബി പറഞ്ഞു. മറ്റു രാജ്യങ്ങളിൽ ഇതിലും മോശമാണ് കാര്യങ്ങൾ. മിക്ക അംബാസഡർമാരും തദ്ദേശീയരായ ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞു. സമീപത്തുള്ള മറ്റു രാജ്യങ്ങളുടെ എംബസികളുടെ സഹായത്തിലാണ് ചിലയിടങ്ങളിൽ പ്രവർത്തിക്കുന്നത്.
വെള്ളമില്ലാതെ പണിയെടുക്കുന്ന അഗ്നിശമന സേനാംഗത്തെ പോലെയാണ് തങ്ങളെന്ന് പേരു വെളിപ്പെടുത്താത്ത ഒരു അഫ്ഗാൻ നയതന്ത്രജ്ഞൻ പറഞ്ഞു. നാലുപാടും നിന്ന് ഉയരുന്ന അഗ്നിനാളങ്ങൾക്കിടയിൽനിന്ന് വെള്ളമില്ലാതെ തീ കെടുത്താൻ ശ്രമിക്കുകയാണ് ഞങ്ങൾ -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.