'എന്‍റെ സുന്ദര രാജ്യത്തെ താലിബാനിൽ നിന്നും സംരക്ഷിക്കുന്നതിൽ നിങ്ങളും പങ്കുചേരൂ, ഞങ്ങൾക്ക് കുറച്ച് സമയമേയുള്ളൂ...'
text_fieldsകാബൂൾ: തന്‍റെ രാജ്യത്തെ താലിബാന്‍റെ പിടിയിൽ നിന്ന് രക്ഷിക്കാൻ പിന്തുണ അഭ്യർഥിച്ച് അഫ്ഗാൻ ചലച്ചിത്ര സംവിധായിക സഹ്റാ കരിമിയുടെ നിരാശജനകമായ കത്ത്. കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ താലിബാൻ നിരവധി പ്രവിശ്യകളുടെ നിയന്ത്രണം നേടിയെന്നും അവർ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയാണെന്നും കരിമി കത്തിൽ പറയുന്നു. അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെൺകുട്ടികളെ അവരുടെ വധുക്കളാക്കി (Child bride) അവർ വിറ്റു, വസ്ത്രധാരണത്തിന്‍റെ പേരിൽ അവർ ഒരു സ്ത്രീയെ കൊലപ്പെടുത്തി, അവർ ഞങ്ങളുടെ പ്രിയപ്പെട്ട ഹാസ്യനടന്മാരിൽ ഒരാളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു തുടങ്ങി താലിബാന്‍റെ പ്രവൃത്തികളോരോന്നും കത്തിൽ അക്കമിട്ട് നിരത്തുന്നുണ്ട്. താനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ് ലിസ്റ്റിൽ അടുത്തതായിരിക്കാമെന്ന ഭീതിയും കരിമി പങ്കുവെക്കുന്നു. ഈ ലോകം അഫ്ഗാനിസ്താനികളെ ഉപേക്ഷിക്കാതിരിക്കാൻ ദയവായി ഞങ്ങളെ സഹായിക്കൂ, കാബൂൾ താലിബാൻ ഏറ്റെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ, ഞങ്ങൾക്ക് കുറച്ച് സമയമേയുള്ളൂ എന്ന അപേക്ഷയോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.
സഹ്റാ കരിമിയുടെ കത്തിന്‍റെ പൂർണരൂപം-
ലോകത്തിലെ എല്ലാ ചലച്ചിത്ര സമൂഹങ്ങൾക്കും, സിനിമയും സിനിമയെ ഇഷ്ടപ്പെടുന്നവർക്കും!
ഞാൻ സഹ്റാ കരിമി. ഒരു ചലച്ചിത്ര സംവിധായകയും 1968ൽ സ്ഥാപിതമായ സർക്കാർ ഉടമസ്ഥതയിലുള്ള ഒരേയൊരു ചലച്ചിത്ര കമ്പനിയായ അഫ്ഗാൻ ഫിലിമിന്‍റെ ഇപ്പോഴത്തെ ജനറൽ ഡയറക്ടറുമാണ്. തകർന്ന ഹൃദയത്തോടെയും എന്‍റെ സുന്ദരമായ രാജ്യത്തെ താലിബാനിൽ നിന്നും സംരക്ഷിക്കുന്നതിൽ നിങ്ങളും പങ്കുചേരുമെന്ന അഗാധമായ പ്രതീക്ഷയോടെയുമാണ് ഇതെഴുതുന്നത്. കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ താലിബാൻ നിരവധി പ്രവിശ്യകളുടെ നിയന്ത്രണം നേടി.
അവർ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ്. അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടികളെ ബാല വധുക്കളാക്കി (Child bride) അവർ വിറ്റു. വസ്ത്രധാരണത്തിന്‍റെ പേരിൽ അവർ ഒരു സ്ത്രീയെ കൊന്നു. അവർ ഞങ്ങളുടെ പ്രിയങ്കരനായ ഹാസ്യനടന്മാരിൽ ഒരാളെ പീഡിപ്പിച്ച് കൊലപ്പെടുത്തി. അവർ ഒരു ചരിത്രാതീത കവിയെ കൊന്നു. അവർ ഭരണകൂടവുമായി ബന്ധമുള്ള ആളുകളെ കൊല്ലുന്നു. ഞങ്ങളുടെ ചില പുരുഷന്മാരെ പരസ്യമായി തൂക്കിക്കൊന്നു. അവർ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഈ പ്രവിശ്യകളിൽ നിന്ന് പലായനം ചെയ്ത ആ കുടുംബങ്ങൾ കാബൂളിലെ ക്യാമ്പുകളിലാണ്. അവർ വൃത്തിഹീനമായ അവസ്ഥയിലാണ് താമസിക്കുന്നത്. ക്യാമ്പുകളിൽ കുഞ്ഞുങ്ങൾ പാൽ കിട്ടാത്തതിനാൽ മരിച്ചുവീഴുന്നു.
ഇതൊരു മാനുഷിക പ്രതിസന്ധിയാണ്. എന്നിട്ടും ലോകം നിശബ്ദമാണ്. ഈ നിശബ്ദത ശീലിച്ചാണ് ഞങ്ങൾ വളർന്നത്; അത് ന്യായമല്ലെന്ന് അറിഞ്ഞുതന്നെ. ഞങ്ങളുടെ ആളുകളെ ഉപേക്ഷിക്കാനുള്ള ഈ തീരുമാനം തെറ്റാണെന്ന് ഞങ്ങൾക്കറിയാം. 20 വർഷം കൊണ്ട് ഞങ്ങളുടെ രാജ്യം, പ്രത്യേകിച്ച് പുതു തലമുറ, നേടിയെടുത്തതെല്ലാം ഈ നിശബ്ദതയിലൂടെ തകർന്നടിയും. ഞങ്ങൾക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ്. മാധ്യമങ്ങൾ, വിവിധ ഭരണകൂടങ്ങൾ, ലോകത്തിലെ മനുഷ്യാവകാശ സംഘടനകൾ എല്ലാം താലിബാനുമായുള്ള 'സമാധാന കരാർ' ന്യായയുക്തമാണെന്ന ധാരണയിൽ സൗകര്യപ്രദമായ മൗനം പാലിക്കുകയാണ്. അതൊരിക്കലും ന്യായയുക്തമാകില്ല.
അവരെ അംഗീകരിക്കുന്നത് അവർ ഭരണത്തിൽ തിരികെ വരാൻ ഇടയാക്കും. എന്‍റെ രാജ്യത്ത് ഒരു ചലച്ചിത്രകാരിയെന്ന നിലയിൽ ഞാൻ കഠിനാധ്വാനം ചെയ്ത് നേടിയതെല്ലാം നശിക്കാനുള്ള സാധ്യതയുണ്ട്. താലിബാൻ ഭരണം ഏറ്റെടുത്താൽ അവർ എല്ലാ കലയും നിരോധിക്കും. ഞാനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ് ലിസ്റ്റിൽ അടുത്തതായിരിക്കാം. അവർ സ്ത്രീകളുടെ അവകാശങ്ങൾ വലിച്ചെറിയും. ഞങ്ങളുടെ വീടുകളുടെയും ഞങ്ങളുടെ ശബ്ദങ്ങളുടെയും നിഴലിലേക്ക് ഞങ്ങൾ വലിച്ചെറിയപ്പെടും. ഞങ്ങളുടെ ആവിഷ്കാരം നിശബ്ദതയിലേക്ക് അടിച്ചമർത്തപ്പെടും.
താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്കൂളിൽ പോകുന്ന പെൺകുട്ടികളുടെ എണ്ണം പൂജ്യം ആയിരുന്നു. അതിനുശേഷം 90 ലക്ഷത്തോളം അഫ്ഗാൻ പെൺകുട്ടികൾ സ്കൂളിൽ ഉണ്ട്. താലിബാൻ കീഴടക്കിയ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്ത്, അവിടുത്തെ സർവകലാശാലയിൽ 50 ശതമാനം സ്ത്രീകളായിരുന്നു. ഇത് ലോകത്തിന്‍റെ പലയിടത്തും അജ്ഞാതമായ ഞങ്ങളുടെ അവിശ്വസനീയമായ നേട്ടമാണിത്. ഈ ഏതാനും ആഴ്ചകൾക്കുള്ളിൽ, താലിബാൻ നിരവധി സ്കൂളുകളാണ് നശിപ്പിച്ചത്. 20 ലക്ഷം പെൺകുട്ടികൾ വീണ്ടും സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.
എനിക്ക് ഈ ലോകത്തെ മനസ്സിലാകുന്നില്ല. ഈ നിശബ്ദത എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ എന്‍റെ രാജ്യത്തിനുവേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യും. പക്ഷേ, എനിക്ക് തനിച്ച് അത് ചെയ്യാൻ കഴിയില്ല. എനിക്ക് നിങ്ങളെപ്പോലുള്ള സഖ്യകക്ഷികളുടെ സഹായം വേണം. ഞങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്നതിലേക്ക് ഈ ലോകത്തിന്‍റെ ശ്രദ്ധ ക്ഷണിക്കാൻ ഞങ്ങളെ സഹായിക്കൂ. ഇവിടെ അഫ്ഗാനിസ്താനിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളുടെ രാജ്യങ്ങളിലെ പ്രധാനപ്പെട്ട മാധ്യമങ്ങളെ അറിയിച്ച് ഞങ്ങളെ സഹായിക്കൂ. അഫ്ഗാനിസ്താന് പുറത്ത് ഞങ്ങളുടെ ശബ്ദമാകുക. താലിബാൻ കാബൂൾ ഏറ്റെടുക്കുകയാണെങ്കിൽ, ഞങ്ങൾക്ക് ഇന്‍റർനെറ്റോ അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലും ആശയവിനിമയ സംവിധാനങ്ങളോ ലഭ്യമാകണമെന്നില്ല.
ദയവായി നിങ്ങളുടെ ചലച്ചിത്രകാരന്മാരെയും കലാകാരന്മാരെയും ഞങ്ങളുടെ ശബ്ദമായി പിന്തുണയ്ക്കുക. ഇതൊരു സിവിൽ യുദ്ധം അല്ല, ഇതൊരു നിഴൽയുദ്ധമാണ്. അമേരിക്കയും താലിബാനും തമ്മിലുള്ള കരാർ പ്രകാരം നടക്കുന്ന അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധം ആണിത്. ഈ യാഥാർഥ്യം നിങ്ങളുടെ മാധ്യമങ്ങളുമായി പങ്കുവയ്ക്കുക. നിങ്ങളുടെ സമൂഹ മാധ്യമ ഇടങ്ങളിൽ ഞങ്ങളെക്കുറിച്ച് എഴുതുക. ലോകം ഞങ്ങൾക്ക് പുറംതിരിഞ്ഞുനിൽക്കരുത്. അഫ്ഗാൻ സ്ത്രീകൾ, കുട്ടികൾ, കലാകാരന്മാർ, ചലച്ചിത്ര പ്രവർത്തകർ എന്നിവർക്കുവേണ്ടി ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണയും ശബ്ദവും വേണം. ഈ പിന്തുണയാണ് ഇപ്പോൾ ഞങ്ങൾക്ക് ആവശ്യമായ ഏറ്റവും വലിയ സഹായം. ഈ ലോകം അഫ്ഗാനിസ്താനെ ഉപേക്ഷിക്കാതിരിക്കാൻ ദയവായി ഞങ്ങളെ സഹായിക്കൂ. താലിബാൻ കാബൂൾ പിടിച്ചെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ. ഞങ്ങൾക്ക് മുമ്പിൽ കുറച്ച് സമയമേയുള്ളൂ, ഒരുപക്ഷേ ഏതാനും ദിവസങ്ങൾ. വളരെ നന്ദി. നിങ്ങളുടെ ശുദ്ധമായ ഹൃദയത്തെ ഞാൻ അങ്ങേയറ്റം പ്രിയത്തോടെ വിലമതിക്കുന്നു.
അഭിവാദ്യങ്ങൾ, സഹ്റാ കരിമി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.