'മരിക്കാനായി താലിബാെൻറ കൈകളിലേക്ക് എറിഞ്ഞുകൊടുത്തു'
text_fieldsകാബൂൾ: അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് യു.കെ സഹായം ഫലപ്രദമായി എത്തിയില്ലെന്ന് വിസിൽ ബ്ലോവർ. ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയത്തിെൻറ നിരുത്തരവാദിത്തവും ആശയക്കുഴപ്പവുമാണ് ഇതിനു കാരണമായതെന്ന് മുൻ നയതന്ത്രപ്രതിനിധി കൂടിയായ റാഫേൽ മാർഷൽ വ്യക്തമാക്കി.
ഉദ്യോഗസ്ഥവൃന്ദങ്ങളുടെ കെടുകാര്യസ്ഥതയും ആസൂത്രണത്തിെൻറ അഭാവവും കൂടി ചേർന്നപ്പോൾ ആയിരങ്ങളെ മരിക്കാനായി താലിബാെൻറ കൈകളിൽ എറിഞ്ഞുകൊടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചു. സഹായം അഭ്യർഥിച്ച് ആയിരക്കണക്കിന് ഇ-മെയിലുകളാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയത്തിെൻറ മെയിലിലെത്തിയത്. ഇതിൽ ഭൂരിഭാഗവും തുറന്നുപോലും നോക്കിയിട്ടില്ല. നടപടി ക്ക് നേതൃത്വം നൽകാൻ താൻ ഒരാളേ ഉണ്ടായിരുന്നുള്ളൂവെന്നും അന്വേഷണ കമ്മിറ്റിക്കു മുമ്പാകെ റാഫേൽ പറഞ്ഞു.
ഈ വിഷയങ്ങളിൽ അന്നത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഡൊമിനിക് റാബ് ആണ് തീരുമാനമെടുത്തത്. ആകസ്മികമായി വന്നു ഭവിച്ച പ്രതിസന്ധിയിൽ മുന്നിൽ നിന്നു നയിക്കാൻ റാബിന് സാധിച്ചില്ല. അനുമതി ലഭിക്കാതെ ആരെയും കാബൂൾ വിമാനത്താവളത്തിലേക്ക് കടത്തിവിടാൻ ആകുമായിരുന്നില്ല. 75,000ത്തിനും ഒന്നരലക്ഷത്തിനുമിടെ ആളുകളാണ് ഒഴിപ്പിക്കലിനായി അപേക്ഷ നൽകിയത്. പാശ്ചാത്യ ബന്ധമുള്ളതുകൊണ്ട് മാത്രം ജീവൻ നഷ്ടമാകുമെന്ന് കരുതിയിരുന്നവരാണ് ഇതിലേറെപേരും. അതേസമയം, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഒഴിപ്പിക്കൽ നടപടികളിൽ യു.കെ കാര്യക്ഷമമായാണ് ഇടപെട്ടതെന്ന് റാബ് പ്രതികരിച്ചു. രണ്ടാഴ്ചക്കിടെ 15000 ആളുകളെ ഒഴിപ്പിക്കാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓക്സ്ഫഡ് ബിരുദധാരിയായ റാഫേൽ മൂന്നുവർഷമാണ് നയതന്ത്രതലത്തിൽ ജോലി ചെയ്തത്. സെപ്റ്റംബറിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.