അഫ്ഗാൻ പിന്മാറ്റം: യു.എസ് സെനറ്റിനു മുമ്പിലെത്തി സൈനിക ഉദ്യോഗസ്ഥർ
text_fieldsവാഷിങ്ടൺ: അധിനിവേശം അവസാനിപ്പിച്ചുമടങ്ങിയ അഫ്ഗാനിസ്താനിൽ യു.എസ് സേന ഇടെപടലുകളെ കുറിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് ജോയിൻറ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ മാർക് എ. മില്ലി, സെൻട്രൽ കമാൻഡ് മേധാവി കെന്നത് എഫ്. മക്കിൻസി എന്നിവർ ഉൾപ്പെടെ പ്രമുഖർ സെനറ്റിനു മുന്നിൽ.
ഡെമോക്രാറ്റ്- റിപ്പബ്ലിക്കൻ സെനറ്റർമാരാണ് അഫ്ഗാൻ വിഷയത്തിൽ കടുത്ത ചോദ്യങ്ങളുമായി സൈനിക മേധാവികളെ ഏറെ നേരം ചോദ്യമുനയിൽ നിർത്തിയത്. അഫ്ഗാനിസ്താനിൽ ട്രംപ് കാലത്തെ നയങ്ങൾ മുതൽ കഴിഞ്ഞ മാസം അടിയന്തര പിന്മാറ്റം നടത്തിയതുവരെ വിഷയങ്ങളിൽ സാമാജികർ ചോദ്യങ്ങൾ ഉന്നയിച്ചു.
ട്രംപ് കാലത്തെ നടപടികൾ ശരിയായിരുന്നുവെന്ന് മില്ലി സെനറ്റിനു മുമ്പാകെ ബോധിപ്പിച്ചു. ആഗസ്റ്റ് 20ന് സിവിലിയൻമാരെ കൊലപ്പെടുത്തിയ ഡ്രോൺ ആക്രമണ വിഷയത്തിലും ചോദ്യങ്ങൾ ഉയർന്നു. ആഗസ്റ്റ് 15ന് താലിബാൻ കാബൂൾ പിടിച്ചതോടെയാണ് യു.എസ് സേന യുദ്ധകാലാടിസ്ഥാനത്തിൽ സൈനികരെ ഒഴിപ്പിച്ചത്. അതിനിടെ വിമാനത്താവള പരിസരത്തുനടന്ന ചാവേർ ആക്രമണത്തിൽ 13 യു.എസ് സൈനികരുൾപ്പെടെ 182 പേരാണ് കൊല്ലപ്പെട്ടത്.
അൽഖാഇദ ആക്രമണത്തിനു പിന്നാലെ 2001 അവസാനത്തിലാണ് യു.എസ് സേന അഫ്ഗാനിലെത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു ലക്ഷം കോടി ഡോളർ വരെ അവർ അവിടെ ചെലവിട്ടു. സൈന്യത്തെ ആഗസ്റ്റ് 31നകം പൂർണമായും പിൻവലിച്ചു. സെൻട്രൽ കമാൻഡ് മേധാവി കെന്നത്ത് മക്കിൻസിയുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.