അഫ്ഗാൻ പ്രതിസന്ധി: ഇന്ത്യക്ക് നഷ്ടം ശതകോടികളുടെ ഉഭയകക്ഷി വ്യാപാരം
text_fieldsന്യൂഡൽഹി: താലിബാൻ പിടിച്ച അഫ്ഗാനിസ്താനിൽ അതിർത്തികൾ മുടങ്ങിക്കിടക്കുന്നത് ശരിക്കും പ്രതിസന്ധിയിലാക്കിയത് ഉഭയകക്ഷി വ്യാപാരം. 150 കോടി ഡോളറി (11,100 കോടിയിലേറെ രൂപ) ന്‍റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്നിരുന്നത്.
കാർഷിക രംഗമാണ് അഫ്ഗാനികളുടെ പ്രധാന തൊഴിൽ. കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിയാണ് വരുമാന മാർഗങ്ങളിൽ മുഖ്യം. എന്നാൽ, താലിബാൻ പിടിച്ചതിന് പിന്നാലെ ഭരണപ്രതിസന്ധിയിൽ ആദ്യം നിലച്ചത് അതിർത്തി കടന്നുള്ള വ്യാപാരമാണ്.
ഇന്ത്യയുമായി അഫ്ഗാനിസ്താന് ശക്തമായ വ്യാപാര ബന്ധമാണ് നിലവിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇത് അനേക ഇരട്ടിയായി വളരുകയും ചെയ്തു. 2019- 20ൽ മാത്രം കയറ്റുമതി- ഇറക്കുമതി ഇനത്തിൽ 150 കോടി ഡോളറിന്‍റെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നത്.
ഡ്രൈഫ്രൂട്ടുകളാണ് കാര്യമായും അഫ്ഗാനിസ്താനിൽനിന്ന് ഇന്ത്യയിലെത്തിയിരുന്നത്. അത്തിപ്പഴം, അക്രൂട്ട്, ബദാം, അത്തിപ്പഴം, ഉണക്ക മുന്തിരി, കായം എന്നിങ്ങനെ പഴങ്ങളായും അല്ലാതെയും ഇന്ത്യയിൽ വൻവിപണി സാധ്യതയാണ് ഡ്രൈഫ്രൂട്ടുകൾ തുറന്നത്.
ഇന്ത്യയിൽനിന്ന് അഫ്ഗാനിസ്താനിലേക്ക് വസ്ത്രം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, ഹാർഡ്വെയർ ഉപകരണങ്ങൾ, സിമെന്‍റ്, പഞ്ചസാര, സിന്തറ്റിക് ഫൈബർ എന്നിവ കയറ്റി അയച്ചു.
അഫ്ഗാനിസ്താനിൽനിന്ന് ഡ്രൈഫ്രൂട്ടുകൾ വരവ് കുറഞ്ഞത് രാജ്യത്ത് ഇവക്ക് വില കൂട്ടാനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.