അഫ്ഗാൻ ഭൂചലനം: നിരവധി കുട്ടികൾ മരിച്ചിട്ടുണ്ടാകാമെന്ന് ഡോക്ടർമാർ
text_fieldsകാബൂൾ: ബുധനാഴ്ച കിഴക്കൻ അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തിൽ നിരവധി കുട്ടികൾ മരിച്ചിട്ടുണ്ടാകാമെന്ന് അഫ്ഗാനിലെ ഡോക്ടർമാർ. ആയിരത്തിലേറെ ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. കനത്ത മഴയും വിഭവങ്ങളുടെ അഭാവവും ദുർഘടമായ പാതകളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിരിക്കയാണ് താലിബാൻ സർക്കാർ.
റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആയിരങ്ങൾ മണ്ണുകൊണ്ടുണ്ടാക്കിയ വീടുകളുടെ അടിയിലായി. പ്രദേശത്തെ വാർത്തവിനിമയ ശൃംഖലകളും താറുമാറിയിരിക്കയാണ്. "ഞങ്ങൾക്ക് പ്രദേശത്ത് എത്താൻ കഴിയില്ല. നെറ്റ്‌വർക് വളരെ ദുർബലമാണ്"- താലിബാൻ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച പക്തിക പ്രവിശ്യയിലെ പ്രാന്തപ്രദേശങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിൽ അടിയന്തര സഹായം നൽകാൻ ശ്രമം നടക്കുകയാണ്. ദുരന്തത്തിന് മുമ്പ് തന്നെ അഫ്ഗാനിലെ ആരോഗ്യ സംവിധാനം തകർച്ചയിലായിരുന്നു.
പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്. ജനങ്ങളുടെ പുനഃരധിവാസം താലിബാൻ സർക്കാരിന് വലിയ വെല്ലുവിളിയാണ്. കിഴക്കൻ അഫ്ഗാനിലെ ഖോസ്റ്റ് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ (27 മൈൽ) അകലെ ബുധനാഴ്ച പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.