പോപ്പി കൃഷി നിരോധിച്ച് താലിബാൻ
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ കറുപ്പ് ചെടി(പോപ്പി) കൃഷി ചെയ്യുന്നത് വിലക്കി താലിബാൻ. രാജ്യത്ത് കറുപ്പ്, ഹെറോയിൻ തുടങ്ങിയത് ഇല്ലാതാക്കാനുള്ള താലിബാൻ പദ്ധതി കറുപ്പ് കർഷകർക്ക് തിരിച്ചടിയുണ്ടാക്കിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ കറുപ്പ് ഉത്പാദന രാജ്യമാണ് അഫ്ഗാനിസ്താൻ. ഇവിടെ നിന്നാണ് യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ കറുപ്പ് കയറ്റുമതി ചെയ്യുന്നത്.
കൃഷിക്കെതിരെയുള്ള വ്യാപക പ്രചരണത്തിന്‍റെ ഭാഗമായി മിക്ക പാടങ്ങളും ട്രാക്ടർ ഉപയോഗിച്ച് നിരത്തുകയാണ് താലിബാൻ. പോപ്പി കൃഷിയിൽ മാത്രം ആശ്രയിച്ചിരുന്ന ലക്ഷക്കണക്കിന് കർഷകരുണ്ടിവിടെ. പോപ്പി കൃഷി നിരോധിച്ചതായും, തുടർന്ന് കൃഷി ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ച് കഴിഞ്ഞ ഏപ്രിലിൽ താലിബാൻ ഉത്തരവ് ഇറക്കിയിരുന്നു. വാഷിറിൽ സ്വന്തമായുണ്ടായിരുന്ന പോപ്പി പാടം താലിബാൻ ട്രാക്ടർ ഉപയോഗിച്ച് നിരത്തിയതായി നൂർ മുഹമ്മദ്(കർഷകൻ)പറയുന്നു. "കൃഷി ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ ഞങ്ങൾ പട്ടിണിയിലാവും," നൂർ പറയുന്നു. ഉത്തരവിന് ശേഷവും കൃഷി ചെയ്യുന്നവരെയാണ് താലിബാൻ കൂടുതൽ ലക്ഷ്യം വെക്കുന്നത്.
പോപ്പിക്ക് പകരം മറ്റ് വിളകൾ ചെയ്യാൻ സർക്കാർ, സർക്കാറിതര സംഘടനകളുമായി താലിബാൻ ചർച്ചകൾ നടത്തി വരികയാണെന്ന് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി അഖുന്ദ് പറഞ്ഞു. 1990കളിലും താലിബാൻ പോപ്പി കൃഷി നിരോധിക്കുകയും കൃഷിയിടങ്ങൾ നശിപ്പിക്കുവാൻ വ്യാപക പ്രചരണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
2021ൽ 1,77,000ഹെക്ടറിലാണ് കൃഷി നടന്നത്. 650 ടൺ ഹെറോയിൻ ഉത്പാദിപ്പിച്ചിരുന്നു. 2021ൽ രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 14 ശതമാനം പോപ്പി കൃഷിയിലൂടെ ആയിരുന്നു. ഓരോ വർഷവും പോപ്പി കൃഷി വർധിച്ചാണ് വന്നിട്ടുള്ളതെന്ന് യു.എന്നിന്‍റെ ഡ്രഗ്സ് ആന്‍റ് ക്രൈമിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.