അഫ്ഗാനിലെ ഇടക്കാല സർക്കാർ: താലിബാനിൽ ഭിന്നതയെന്ന് റിപ്പോർട്ട്
text_fieldsകാബൂൾ: അഫ്ഗാനിൽ ഇടക്കാല സർക്കാർ രൂപവത്കരിച്ചതിനു പിന്നാലെ താലിബാൻ നേതാക്കൾക്കിടയിൽ ഭിന്നത ഉടലെടുത്തതായി ബി.ബി.സി റിപ്പോർട്ട്. മുതിർന്ന താലിബാൻ അംഗത്തെ ഉദ്ധരിച്ചാണ് ബി.ബി.സിയുടെ റിപ്പോർട്ട്.
എതിർചേരികളിൽപെട്ടവർ തമ്മിൽ പ്രസിഡൻറിെൻറ കൊട്ടാരത്തിൽ കലഹമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിൽ യു.എസിന് മേൽ വിജയം നേടിയതിെൻറ അവകാശവാദത്തിന്‍റെ പേരിലും പുതിയ മന്ത്രിസഭയിൽ അധികാരം പങ്കുവെക്കുന്നതിനെ ചൊല്ലിയുമാണ് ഭിന്നത ഉടലെടുത്തത്. താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൽ ഗനി ബറാദറും ഹഖാനി ശൃംഖലയിലെ ഖലീലുർ റഹ്മാൻ ഹഖാനിയും തമ്മിലാണ് പ്രധാന ഭിന്നതയെന്നും ഇരുവിഭാഗം നേതാക്കളുടെയും അണികൾ തമ്മിൽ വാക്കേറ്റം നടന്നുവെന്നും താലിബാൻ സംഘടനാംഗം ബി.ബി.സിയോടു പറഞ്ഞു.
കഴിഞ്ഞയാഴ്ച ഇരുവിഭാഗവും തമ്മിലുണ്ടായ അസ്വാരസ്യം ഖത്തറിലെ മുതിർന്ന താലിബാൻ അംഗവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇടക്കാല സർക്കാർ രൂപവത്കരണത്തിൽ ഉപപ്രധാനമന്ത്രി സ്ഥാനത്തുള്ള മുല്ല ബറാദറിന് അതൃപ്തിയുണ്ടേത്ര. തന്നെ പോലുള്ളവരുടെ നയതന്ത്രത്തിെൻറ ഫലമായാണ് യു.എസിനെ അഫ്ഗാൻ മണ്ണിൽ നിന്ന് തുരത്തി അധികാരം പിടിച്ചെടുക്കാൻ കഴിഞ്ഞതെന്നാണ് ബറാദർ വിശ്വസിക്കുന്നത്. എന്നാൽ സായുധപോരാട്ടത്തിലൂടെയാണ് അത് സാധിച്ചതെന്നാണ് താലിബാനിലെ മറുപക്ഷത്തിെൻറ വാദം. യു.എസ് പ്രസിഡൻറുമായി ആദ്യമായി നേരിട്ട് ബന്ധംപുലർത്തിയ താലിബാൻ നേതാവ് താനാണെന്നും ബറാദർ അവകാശവാദം മുഴക്കിയതായും റിപ്പോർട്ടിലുണ്ട്.
യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ബറാദറും തമ്മിലുള്ള ടെലിഫോൺ സംഭാഷണമാണ് യു.എസ് സൈന്യത്തിെൻറ പിന്മാറ്റത്തിന് നിദാനമായ ഖത്തർ ഉടമ്പടിയിലേക്ക് നയിച്ചത്. യു.എസ് ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഹഖാന ി ഗ്രൂപ്പിെൻറ നേതാവ് സിറാജുദ്ദീൻ ഹഖാനിയാണ് ഇടക്കാല താലിബാൻ സർക്കാറിലെ ആഭ്യന്തരമന്ത്രി.
കലഹത്തിനു പിന്നാലെ ബറാദർ കാബൂളിൽ നിന്ന് കാന്തഹാറിലെത്തി. ഒരാഴ്ചയായി താലിബാെൻറ ജനകീയ മുഖമായ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് മരിച്ചതായി റിപ്പോർട്ടുകൾ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതു തള്ളി കഴിഞ്ഞദിവസം ബറാദിറിെൻറ ശബ്ദരേഖ പുറത്തുവന്നിരുന്നു.
കഴിഞ്ഞമാസമാണ് താലിബാൻ അഫ്ഗാനിൽ ഭരണം പിടിച്ചെടുത്തത്. പിന്നാലെ അഫ്ഗാെൻറ പേരുമാറ്റി ഇസ്ലാമിക് എമിറേറ്റ്സ് എന്നാക്കുകയും ചെയ്തു. ഈ മാസാദ്യം മുതിർന്ന അംഗങ്ങൾക്ക് പ്രാതിനിധ്യം നൽകി താലിബാൻ ഇടക്കാല സർക്കാർ രൂപവത്കരിച്ചിരുന്നു.
അഫ്ഗാന് പത്ത് കോടി യൂറോ സാമ്പത്തിക സഹായം നൽകുമെന്ന് യൂറോപ്യൻ യൂനിയൻ
സ്ട്രാസ്ബർഗ്: അഫ്ഗാനിസ്താനിലെ മാനുഷിക ദുരിതം പരിഹരിക്കുന്നതിന് യൂറോപ്യൻ യൂനിയൻ 10 കോടി യൂറോ(8,69,07,27,506 രൂപ) നൽകും. അഫ്ഗാനിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ പരമാവധി സഹായം നൽകുമെന്നും യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ഉർസുല വോൺ ദെർ ലിയൻ വ്യക്തമാക്കി.
അഫ്ഗാന് സഹായ പാക്കേജ് വർധിപ്പിക്കും. വരും ആഴ്ചകളിൽ ഇതിെൻറ പ്രഖ്യാപനമുണ്ടാകും. അതേ സമയം, ഇതിൽ ഒരു ചില്ലിക്കാശു പോലും താലിബാെൻറ കൈയിൽ എത്താതെ നോക്കുമെന്നും അവർ പറഞ്ഞു. 2015ൽ സിറിയയിൽ നിന്നുണ്ടായ പോലെ അഫ്ഗാനിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് അഭയാർഥിപ്രവാഹമുണ്ടാകുമെന്ന് യൂറോപ്യൻ യൂനിയന് ഭയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.