അഫ്ഗാനിൽ അമേരിക്കൻ സൈനികരെ വധിക്കാൻ പ്രതിഫലം; അറിഞ്ഞിട്ടും ട്രംപ് അനങ്ങിയില്ല
text_fieldsന്യൂയോർക്ക്: അഫ്ഗാനി സ്ഥാനിലെ അമേരിക്കയുടെയും മറ്റ് നാറ്റോ സഖ്യകക്ഷികളുടെയും സൈനികരെ വധിക്കാൻ താലിബാൻ അടക്കം ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾക്കും മറ്റ് ഭീകര സംഘടനകൾക്കും റഷ്യ സാമ്പത്തിക സഹായം നൽകിയതായി ആരോപണം.
കഴിഞ്ഞവർഷം താലിബാനും മറ്റ് തീവ്രവാദ സംഘടനകളും അമേരിക്കൻ- നാറ്റോ സഖ്യത്തിന് നേരെ നടത്തിയ ആക്രമണങ്ങൾക്ക് റഷ്യൻ ഇൻറലിജൻസ് ഏജൻസി പ്രതിഫലം നൽകിയെന്നാണ് വാഷിങ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ് എന്നീ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2020 മാർച്ചിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇതുസംബന്ധിച്ച വിവരം ധരിപ്പിച്ചിരുന്നതായും ട്രംപ് പ്രതികരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാധ്യമ റിപ്പോർട്ട് ട്രംപും റഷ്യയും താലിബാനും നിഷേധിച്ചു.
അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളെ റഷ്യ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. വ്യാജ വാർത്ത പ്രസിദ്ധീകരിക്കൽ ന്യൂയോർക്ക് ടൈംസ് അവസാനിപ്പിക്കണമെന്ന് യു.എസിലെ റഷ്യൻ എംബസി ആവശ്യപ്പെട്ടു. ഇത്തരം വ്യാജ വാർത്തകളിലൂടെ വാഷിങ്ടണിലെയും ലണ്ടനിലെയും റഷ്യൻ നയതന്ത്ര പ്രതിനിധികളുടെ ജീവന് വരെ ഭീഷണിയുണ്ടാകുമെന്നും ട്വീറ്റിലൂടെ വ്യക്തമാക്കി. 19 വർഷമായി അഫ്ഗാനിസ്ഥാനിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയും താലിബാനും ധാരണയിലെത്തുന്ന സമയത്താണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
അഫ്ഗാനിൽ റഷ്യൻ ഇൻറലിജൻസ് ഏജൻസികൾ നടത്തുന്ന ഇടപെടലുകൾ സംബന്ധിച്ച് ട്രംപിനെ ധരിപ്പിച്ചിരുന്നുവെന്ന ആരോപണം വൈറ്റ് ഹൗസ് നിഷേധിച്ചു. പ്രസിഡൻറിനെയോ വൈസ് പ്രസിഡൻറിനെയോ ഇക്കാര്യം ധരിപ്പിച്ചിട്ടില്ലെന്നും ൈവറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി. റഷ്യയുടെ ജി.ആർ.യു മിലിറ്ററി ഇൻറലിജൻസ് ഏജൻസി അഫ്ഗാനിൽ നടത്തിയ ഇടപെടലുകൾ അമേരിക്കൻ ഇൻറലിജൻസ് ഏജൻസികൾ കണ്ടെത്തിയതായാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്.
2019ൽ 20 അമേരിക്കൻ സൈനികരാണ് അഫ്ഗാനിൽ കൊല്ലപ്പെട്ടത്. ഇതിൽ ഏതൊക്കെയാണ് പ്രതിഫലം വാങ്ങി നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും തങ്ങൾ നടത്തിയ ആക്രമണങ്ങളെല്ലാം സ്വന്തം വിഭവം ഉപയോഗിച്ചാണെന്നും താലിബാൻ വക്താവ് സാബിഹുല്ല മുജാഹിദ് പറഞ്ഞു.
അഫ്ഗാനിൽ നിന്ന് അമേരിക്കൻ- നാറ്റോ ൈസനികരെ ഘട്ടംഘട്ടമായി പിൻവലിക്കാനും ഫെബ്രുവരിയിൽ ധാരണയിലെത്തിയ ശേഷം ആക്രമണങ്ങൾ നടത്തിയിട്ടില്ല. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ തീവ്രവാദ സംഘങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും താലിബാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.