അഫ്ഗാനിസ്താൻ സമ്പൂർണ തകർച്ചയുടെ വക്കിലെന്ന് യു.എൻ: പരിഹാരം അനിവാര്യം
text_fieldsയുനൈറ്റഡ് നേഷൻസ്: അഫ്ഗാനിസ്താൻ സമ്പൂർണ തകർച്ചയുടെ വക്കിലെന്ന് യു.എൻ മുന്നറിയിപ്പ്. അഫ്ഗാനിലെ രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങൾ ലോകം ശ്രദ്ധിക്കുന്നതിനിടെ അവിടത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ദാരിദ്ര്യം കാണാതെ പോകുകയാണ്. 97 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖക്കു താഴെയാണ് കഴിയുന്നത്.
താലിബാൻ അധികാരം പിടിച്ചെടുത്തശേഷം അഫ്ഗാനിലെ സെൻട്രൽ ബാങ്കിെൻറ 1000 കോടി ഡോളറിെൻറ ആസ്തി മരവിപ്പിച്ചിരുന്നു. സമ്പദ്വ്യവസ്ഥയും സാമൂഹികക്രമവും പൂർണമായി തകരുന്നതിനുമുമ്പ് താലിബാൻ ദുരുപയോഗം ചെയ്യില്ല എന്നുറപ്പാക്കി അഫ്ഗാനിലേക്ക് പണമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഫ്ഗാനിലെ യു.എൻ പ്രത്യേക പ്രതിനിധി ദിബോറ ലിയോൺസ് രക്ഷാസമിതിയിൽ പറഞ്ഞു. ഭക്ഷ്യസാധനങ്ങൾക്കും എണ്ണക്കും വില കുതിച്ചുയരുകയാണ്.
സ്വകാര്യബാങ്കുകളിൽ പണമില്ലാത്തതും ദുരിതം ഇരട്ടിപ്പിച്ചു. ശമ്പളം കൊടുക്കാൻ പോലും അധികൃതരുടെ കൈവശം പണമില്ല -ദിബോറ ചൂണ്ടിക്കാട്ടി. ഏതാനും മാസങ്ങൾകൂടി സമ്പദ്വ്യവസ്ഥ നിലനിൽക്കാനായി നടപടി സ്വീകരിക്കണം. അഫ്ഗാന് നൽകിയിരുന്ന വിദേശസഹായം യു.എസ് നിർത്തിയതോടെയാണ് കാര്യങ്ങൾ കൂടുതൽ അവതാളത്തിലാക്കിയത്.
അതേസമയം, സെൻട്രൽ ബാങ്ക് വസ്തുവകകൾ മരവിപ്പിച്ചത് റദ്ദാക്കുന്നതുൾപ്പെടെയുള്ളവ താലിബാെൻറ നടപടികൾ നിരീക്ഷിച്ചുമാത്രമേയുള്ളൂ. എന്നാൽ, മാനുഷികസഹായത്തിനായി തയാറാണെന്നും യു.എസ് പ്രസിഡൻറ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. അഫ്ഗാന് നൽകിവരുന്ന കോടികളുടെ സാമ്പത്തികസഹായം അന്താരാഷ്ട്ര നാണ്യനിധിയും റദ്ദാക്കിയിരുന്നു. അതിനിടെ, അഫ്ഗാന് അടിയന്തര സഹായം നൽകുമെന്നു റഷ്യയും ചൈനയും അറിയിച്ചിരുന്നു.മറ്റ് രാജ്യങ്ങൾ സഹായിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.