ലിബിയയില്‍ ചാവേറാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടു
text_fieldsട്രിപളി: വടക്കന്‍ ലിബിയയിലെ സ്ലിറ്റന്‍ നഗരത്തില്‍ അല്‍ ജഹ്ഫല്‍ പൊലീസ് പരിശീലനകേന്ദ്രത്തിനു സമീപം ബോംബാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റതായും ലാനാ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരിക്കേറ്റവരെ ട്രിപളിയിലേയും മിസ്റാതയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനം നടക്കുന്ന സമയത്ത് പരിശീലന കേന്ദ്രത്തില്‍ 400ലേറെ പൊലീസുകാരുണ്ടായിരുന്നു. ഖദ്ദാഫിയുടെ കാലത്ത് സൈനിക ആസ്ഥാനമായിരുന്നു ഈ പരിശീലന കേന്ദ്രം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയുടെ പതനത്തിനുശേഷം ലിബിയയില്‍ ഐ.എസിന്‍െറ സ്വാധീനം വര്‍ധിക്കുകയാണ്. ചാവേറാക്രമണമാണെന്ന് യു.എന്‍ അംബാസഡര്‍ മാര്‍ട്ടിന്‍ കോബ്ലര്‍ ട്വിറ്ററില്‍ കുറിച്ചു. തീവ്രവാദത്തിനെതിരെ ലിബിയന്‍ ജനത ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നിലവിലുള്ള സര്‍ക്കാറിനു പിറകെ 2014 ആഗസ്റ്റില്‍ തലസ്ഥാനമായ ട്രിപളി പിടിച്ചടക്കി വിമത സൈന്യം ലിബിയയില്‍ പുതിയ സര്‍ക്കാറിന് രൂപം നല്‍കിയിരുന്നു.
രണ്ട് ഭിന്ന സര്‍ക്കാറില്‍നിന്ന് ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കാനായി യു.എന്‍ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളില്‍നിന്ന് ലിബിയന്‍ പാര്‍ലമെന്‍റ് പിന്‍വാങ്ങിയിരുന്നു. എന്നാല്‍, വിമത സര്‍ക്കാറിനെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.