ബുര്‍കിനഫാസോയില്‍ ഭീകരാക്രമണം; 22 മരണം
text_fieldsവഗദൂഗ (ബുര്‍കിനഫാസോ): പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയില്‍ രണ്ടു ഹോട്ടലുകള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 22 പേര്‍ മരിച്ചു. ഭീകരര്‍ ബന്ദികളാക്കിയ 126 പേരെ സുരക്ഷാസേന മോചിപ്പിച്ചു. തലസ്ഥാനമായ വഗദൂഗയിലെ സ്പ്ളെന്‍ഡിഡ് എന്ന നക്ഷത്രഹോട്ടലിനു നേരെയും തൊട്ടടുത്ത കാപൂചിനോ റസ്റ്റാറന്‍റിനുനേരെയുമാണ് ആക്രമണമുണ്ടായത്. കാപൂചിനോവിന് സമീപമുള്ള മറ്റൊരു ഹോട്ടലായ വൈബിക്കു നേരെയും ഭീകരാക്രമണമുണ്ടായി.
കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ അറബ് പൗരനും രണ്ടുപേര്‍ ആഫ്രിക്കക്കാരുമാണ്. സ്ത്രീകളും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കൂടുതലും വെളുത്തവര്‍ഗക്കാര്‍ക്കാണ് പരിക്കേറ്റതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അല്‍ഖാഇദ ഇന്‍ ദ ഇസ്ലാമിക് മഗ്രിബ് സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തതായി യു.എസ് ആസ്ഥാനമായ നിരീക്ഷകസംഘമായ സൈറ്റും പ്രാദേശിക മാധ്യമങ്ങളും വെളിപ്പെടുത്തി. അല്‍ഖാഇദ ഇന്‍ ദ ഇസ്ലാമിക് മഗ്രിബിന്‍െറ വിഭാഗമായ മാലി ആസ്ഥാനമായ അല്‍മുറാബിതൂന്‍ ആണ് ആക്രമണം നടത്തിയതെന്നും സൈറ്റ് പറയുന്നു. അവിശ്വാസികളായ പടിഞ്ഞാറിനോടും ഫ്രാന്‍സിനോടുമുള്ള പ്രതികാരമാണിതെന്ന് ഇവര്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ഐക്യരാഷ്ട്രസഭ ജീവനക്കാരും വിദേശികളും താമസിക്കുന്ന ഹോട്ടലാണ് സ്പ്ളെന്‍ഡിഡ്. പടിഞ്ഞാറന്‍ നയതന്ത്ര പ്രതിനിധികളുടെ പ്രധാന കൂടിക്കാഴ്ചാകേന്ദ്രവുമാണിത്. മോചിപ്പിച്ച 126 പേരില്‍ 33 പേര്‍ക്ക് പരിക്കുണ്ട്. മോചിപ്പിച്ചവരില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സുഹൃത്തിനെ രക്ഷിക്കാന്‍ ഗൗരവ് ഗാര്‍ഗ് എന്നയാള്‍ ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ സഹായം തേടിയതോടെയാണ് ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചത്.
തന്‍െറ സുഹൃത്ത് വിരാജ് സ്പ്ളെന്‍ഡിഡ് ഹോട്ടലില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വിദേശകാര്യ മന്ത്രാലയം രക്ഷാശ്രമം തുടങ്ങുംമുമ്പേ സുരക്ഷാസേന വിരാജിനെ രക്ഷിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി സൈമണ്‍ കംപാവോര്‍ പറഞ്ഞു. കൊല്ലപ്പെട്ടവര്‍ 18 രാജ്യങ്ങളില്‍നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സൈന്യത്തിനൊപ്പം ഫ്രഞ്ച് പ്രത്യേക സേനയും ഭീകരരുമായി ഏറ്റുമുട്ടി.
പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടവരില്‍ തൊഴില്‍മന്ത്രി ക്ളെമെന്‍റ് സവാഡോഗോയുമുണ്ട്. വഗദൂഗയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് ഹോട്ടല്‍. ആക്രമണത്തത്തെുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. പാരിസില്‍നിന്ന് വഗദൂഗയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനം അയല്‍രാജ്യമായ നൈജറിലേക്ക് വഴിതിരിച്ചുവിട്ടു.
ശനിയാഴ്ച അതിരാവിലെ സ്പ്ളെന്‍ഡിഡ് ഹോട്ടലിന്‍െറ പ്രധാന കവാടത്തിനു പുറത്ത് സ്ഫോടനത്തോടെയായിരുന്നു തുടക്കം. ആക്രമണമാരംഭിച്ച് മണിക്കൂറുകളോളം ഭീകരര്‍ ഹോട്ടലിനകത്തുണ്ടായിരുന്നു. ഭീകരവാദത്തിനെതിരെ പോരാട്ടത്തിലുള്ള ജി5 സാഹേല്‍ ഗ്രൂപ്പിന്‍െറ ഭാഗമാണ് ബുര്‍കിനഫാസോ. ഫ്രാന്‍സിന്‍െറ ബാര്‍ഖെയ്ന്‍ ഭീകരവിരുദ്ധദൗത്യത്തിനും ബുര്‍കിനഫാസോ പിന്തുണ അറിയിച്ചിരുന്നു. ഫ്രഞ്ച് പ്രത്യേകസേന രാജ്യത്ത് നിലയുറപ്പിക്കുകയും ചെയ്തിരുന്നു.
മറ്റൊരു സംഭവത്തില്‍ വടക്കന്‍ ബുര്‍കിനഫാസോയില്‍ മാലി അതിര്‍ത്തിക്കടുത്ത് ഓസ്ട്രിയന്‍ സ്വദേശികളായ ഡോക്ടറെയും ഭാര്യയെയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.