യു.എസ് സ്കൂളുകളില്‍ ബലിപെരുന്നാളിനും ദീപാവലിക്കും അവധി
text_fieldsവാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി യു.എസ് സ്കൂളുകളില്‍ ബലിപെരുന്നാളും ദീപാവലിയും അവധിദിനങ്ങളായി പ്രഖ്യാപിച്ചു. ഈ ആഘോഷദിവസങ്ങള്‍ സ്കൂള്‍ കലണ്ടറില്‍ അവധിയായി രേഖപ്പെടുത്തുകയും ചെയ്തു. ഹവാര്‍ഡ് കൗണ്ടി പബ്ളിക് സ്കൂളിനു കീഴിലെ 71 സ്കൂളുകളിലാണ് പെരുന്നാളിനും ദീപാവലിക്കും അവധി പ്രഖ്യാപിച്ചത്.
അരലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ ട്രസ്റ്റിനു കീഴില്‍ പഠിക്കുന്നത്. വിദ്യാര്‍ഥികളുള്‍പ്പെടുന്ന ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം തീരുമാനത്തെ സ്വാഗതംചെയ്തു.
എട്ടംഗങ്ങളടങ്ങിയ ബോര്‍ഡാണ് പുതിയ നീക്കത്തെ ഐകകണ്ഠ്യേന അംഗീകരിച്ചത്. ബോര്‍ഡംഗമായ ജാനറ്റ് സിദ്ദീഖിയുടേതായിരുന്നു അവധിദിനങ്ങളാക്കാനുള്ള നിര്‍ദേശം. ഹവാര്‍ഡ് കൗണ്ടിയിലെ വിദ്യാര്‍ഥികളുടെയും കുടുംബത്തിന്‍െറയും വൈവിധ്യമാര്‍ന്ന സംസ്കാരം അംഗീകരിക്കുന്നതിനുള്ള സ്കൂള്‍ ബോര്‍ഡിന്‍െറ പാടവം അഭിനന്ദനാര്‍ഹമാണെന്ന് ബോര്‍ഡിന്‍െറ ചെയര്‍പേഴ്സന്‍ ക്രിസ്റ്റൈന്‍ ഒ കോണര്‍ പറഞ്ഞു.
എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ സംസ്കാരത്തിന്‍െറ ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള അവസരമൊരുക്കുകയാണ് കലണ്ടറില്‍ അവധിദിനം മാറ്റിയതിലൂടെ ചെയ്യുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ദീപാവലി പോലുള്ള ആഘോഷദിനങ്ങളില്‍ അവധി നല്‍കണമെന്നാവശ്യപ്പെട്ട് എച്ച്.എ.എഫും ചിന്മയ മിഷനും രക്ഷിതാക്കളുടെ കത്ത് ശേഖരിച്ച് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് സ്കൂള്‍ ബോര്‍ഡിന് അഞ്ഞൂറോളം മെയിലും ലഭിച്ചു.
യു.എസിലെ മേരിലാന്‍ഡ് സ്റ്റേറ്റിലെ പ്രമുഖ പത്രമായ ബാള്‍ട്ടിമോര്‍ സണിന്‍െറ കണക്കുപ്രകാരം കഴിഞ്ഞ അധ്യയനവര്‍ഷം ഹവാര്‍ഡ് കൗണ്ടിയിലെ 42 ശതമാനം വിദ്യാര്‍ഥികള്‍ വെളുത്തവര്‍ഗക്കാരും 22 ശതമാനം കറുത്തവര്‍ഗക്കാരും 19 ശതമാനം ഏഷ്യന്‍ വംശജരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.