മുർസി മടങ്ങി, തോൽക്കാതെ
text_fieldsജയിലും മരണവും നിരന്തരം വന്നുവിളിച്ചിട്ടും തെല്ലും കൂസാതെ രാജ്യനന്മക്കായി നിലയുറപ്പിച്ച നല്ല ഈജിപ്തുകാരൻ ഒടുവിൽ രക്തസാക്ഷിയായി ചരിത്രത്തിൽ അമരത്വം നേടുകയാണ്. നീണ്ട പതിറ്റാണ്ടുകൾ ഏകാധിപത്യവും അടിയന്തരാവസ്ഥയും പിടിമുറുക്കിയ ഈജിപ്തിന് ജനാധിപത്യത്തിെൻറ ശുദ്ധവായു തിരികെ നൽകിയ മുഹമ്മദ് മുർസിക്ക് രാജ്യം തിരിച്ച ുെകാടുത്ത ശിക്ഷ അദ്ദേഹം വീരചരമമായി പുൽകി.
ജനാധിപത്യഭരണത്തിൽ തെൻറ വിശ്വസ്തനായിരുന്ന അബ്ദുൽ ഫത്താ ഹ് അൽസീസിയുടെ പട്ടാള ഭരണം ചുമത്തിയ എണ്ണമറ്റ കേസുകളിൽ ജയിലിലടയ്ക്കപ്പെടുകയും നിരന്തര വിചാരണയെന്ന പീഡനത്തിന് ഇരയാവുകയും ചെയ്തിട്ടും മുർസി ഒട്ടും പതറിയിരുന്നില്ല. കോടതി മുറികൾ സീസിയുടെ തീട്ടൂരങ്ങൾ മാത്രം വായിച്ചുകേൾപ്പിച്ചപ്പോഴെല്ലാം അദ്ദേഹം ധീരമായി നിലയുറപ്പിച്ചു. മരണംവരെ നിലപാടിൽ മാറ്റമില്ലെന്നറിയിച്ചു. വിചാരണ പൂർണമായി രഹസ്യമായതോടെ വിധികൾ മാത്രം സർക്കാർ മാധ്യമങ്ങളിൽ വരുേമ്പാഴായിരുന്നു അകത്തെ വിവരങ്ങൾപോലും ലോകമറിഞ്ഞത്.
60 വർഷം നീണ്ട ഏകാധിപത്യത്തിനൊടുവിൽ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ 2012 ജൂലൈ 25നാണ് മുർസി ഈജിപ്തിെൻറ പ്രസിഡൻറായി അധികാരമേൽക്കുന്നത്. മുസ്ലിം ബ്രദർഹുഡിെൻറ രാഷ്ട്രീയ കക്ഷിയായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ നേതാവ് എന്ന നിലക്കായിരുന്നു പുതിയ പദം. കടുത്ത സാമ്പത്തിക പ്രതിസന്ധി വേട്ടയാടിയ രാജ്യത്തെ പുതിയ വെളിച്ചത്തിലേക്ക് നയിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾക്ക് രാജ്യം അംഗീകാരം നൽകിയെങ്കിലും രാഷ്ട്രീയ പ്രതിയോഗികൾക്കും അയലത്തെ ശക്തികൾക്കും ദഹിച്ചില്ല. ഇത് ഗൂഢാലോചനയായി വളർന്ന് ഒരു വർഷം പൂർത്തിയാക്കുംമുമ്പ് മുർസി അധികാര ഭ്രഷ്ടനായി. മുർസി തന്നെ നിയമിച്ച സൈനിക മേധാവി അബ്ദുൽ ഫത്താഹ് സീസി നയിച്ച സൈനിക അട്ടിമറിക്കൊടുവിലായിരുന്നു പുറത്താക്കപ്പെടുന്നതും ദിവസങ്ങൾ കഴിഞ്ഞ് ജയിലിലടയ്ക്കപ്പെടുന്നതും.
ഏകാന്ത തടവിൽ അതികഠിന പീഡനങ്ങളേറ്റുവാങ്ങിയ മുർസിയുടെ ആരോഗ്യനില അപകടകരമാംവിധം മോശമായതായി ഒരു വർഷംമുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. സിമൻറ് തറയിൽ ഉറങ്ങാൻ വിട്ട്, മൂന്നു വർഷത്തിൽ ഒറ്റത്തവണ മാത്രം കുടുംബവുമായി സംസാരിക്കാൻ അനുവാദം നൽകി ശാരീരികവും മാനസികവുമായി നിരന്തരം പീഡിപ്പിച്ചു. നിരവധി രോഗങ്ങൾ ബാധിച്ച് അത്യന്തം അവശനായിട്ടായിരുന്നു ജയിൽ ജീവിതം. തോറ ജയിലിൽ അദ്ദേഹത്തിന് ഒരുക്കിയ ഇടം ഇനി ജീവനോടെ പുറത്തുവരാൻ കഴിയാത്ത വിധം ഭീകരമായിട്ടായിരുന്നുവെന്ന് ബ്രിട്ടീഷ് പാർലമെൻറംഗം ക്രിസ്പിൻ ബ്ലണ്ട് നയിച്ച വസ്തുതാന്വേഷണ സമിതി ഒരു വർഷം മുേമ്പ റിപ്പോർട്ട് ചെയ്തതാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്തൽ മുതൽ ഹമാസുമായും ഖത്തറുമായും ഗൂഢാലോചന നടത്തിയെന്നു വരെ അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നു.
1951 ആഗസ്റ്റ് 20ന് കൈറോക്ക് വടക്ക് അൽഅദ്വയിലാണ് ജനനം. കൈറോ യൂനിവേഴ്സിറ്റിയിൽനിന്ന് എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദം. കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽനിന്ന് മെറ്റീരിയൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ശേഷം അവിടെത്തന്നെ അസിസ്റ്റൻറ് പ്രഫസറായി. 1985ൽ നാട്ടിലേക്ക് മടങ്ങി. 2010 വരെ നാട്ടിലെ സാഗാസിഗ് യൂനിവേഴ്സിറ്റിയിൽ എൻജിനീയറിങ് വകുപ്പ് തലവനായി സേവനമനുഷ്ഠിച്ചു. 2000ത്തിലാണ് ആദ്യമായി പാർലമെൻറിലെത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.