ഇത്യോപ്യയിൽ പ്രധാനമന്ത്രിയുടെ റാലിക്കിടെ സ്ഫോടനം; ഒരു മരണം;
text_fieldsആഡിസ് അബബ: കിഴക്കൻ ആഫ്രിക്കൻ ഇത്യോപ്യയിൽ പ്രധാനമന്ത്രിയുടെ റാലിക്കിടെ ഗ്രനേഡ് ആക്രമണം. പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആബി അഹ്മദ് തലസ്ഥാനനഗരിയായ ആഡിസ് അബബയിലെ മെസ്കെൽ ചത്വരത്തിൽ നടത്തിയ റാലിക്കിടെയാണ് സ്ഫോടനമുണ്ടായത്. ഒരാൾ മരിച്ചു. 83പേർക്ക് പരിക്കേറ്റതായും അവരിൽ ആറുപേരുടെ നില ഗുരുതരമാണെന്നും പ്രധാനമന്ത്രിയുെട ചീഫ് ഒാഫ് സ്റ്റാഫ് അറിയിച്ചു.
പ്രധാനമന്ത്രി പ്രസംഗം പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഭവം. ഉടൻ അദ്ദേഹം വേദി വിട്ടു. പിന്നീട് ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധനചെയ്ത് സമാധാനം ആഗ്രഹിക്കാത്ത ഒരു സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞകാലം നിങ്ങൾക്ക് വിജയിക്കാനായില്ല, തുടർന്നും അതുതന്നെ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് അദ്ദേഹം അനുയായികൾക്ക് ഉറപ്പുനൽകി.
ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കുമെന്നും സ്വകാര്യനിക്ഷേപം അനുവദിക്കുമെന്നും എറിത്രിയൻ വിമതരുമായി സമാധാനകരാർ ഒപ്പുവെക്കുമെന്നുമായിരുന്നു വാഗ്ദാനങ്ങൾ. അധികാരമേറ്റതുമുതൽ രാജ്യത്ത് വെബ്സൈറ്റുകളുടെയും ടെലിവഷൻ ചാനലുകളുടെയും നിരോധനം എടുത്തുകളഞ്ഞതടക്കം നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നിരുന്നു അദ്ദേഹം.
ഒറോമോ ഗോത്രവിഭാഗക്കാരനാണ് ആബി. വർഷങ്ങളായി രാഷ്ട്രീയമായും സാംസ്കാരികമായും സാമ്പത്തികമായും അരികുവത്കരിക്കപ്പെട്ട വിഭാഗമാണിത്. ഒറോമോ പീപ്പ്ൾസ് ഡെമോക്രാറ്റിക് ഒാർഗനൈസേഷെൻറ തലവനാണ് ഇൗ 42കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.