റുവാണ്ടയും യുഗാണ്ടയുമായി പാര്‍ലമെന്‍ററിതല ബന്ധം വര്‍ധിപ്പിക്കുമെന്ന് അന്‍സാരി
text_fieldsകമ്പാല: റുവാണ്ട, യുഗാണ്ട എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളുമായി പാര്‍ലമെന്‍ററിതല സഹകരണത്തിനുള്ള നടപടികള്‍ ഇന്ത്യ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ഇരു രാജ്യങ്ങളുമായി ഇന്ത്യ മതിയായ പാര്‍ലമെന്‍ററിതല ബന്ധം സ്ഥാപിച്ചിട്ടില്ല. വിടവുണ്ടായിരിക്കുന്നത് ഇന്ത്യയുടെ ഭാഗത്തുനിന്നാണ്. ഉന്നതതല സന്ദര്‍ശനങ്ങളിലൂടെ ഇത് പരിഹരിക്കാമെന്നും അഞ്ചു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനുശേഷം മടങ്ങവേ അന്‍സാരി അഭിപ്രായപ്പെട്ടു.
പാര്‍ലമെന്‍ററിതല ഇടപാടുകള്‍ സംബന്ധിച്ച് ലോക്സഭ സ്പീക്കറുമായി കൂടിയാലോചന നടത്തും. റുവാണ്ടയിലും യുഗാണ്ടയിലും സര്‍ക്കാര്‍ നയങ്ങളോട് പിന്തുണ വര്‍ധിപ്പിക്കുന്നതില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. പാര്‍ലമെന്‍ററിതല സഹകരണത്തിലൂടെ എം.പിമാര്‍ക്ക് രാജ്യത്തിന്‍െറ വിദേശനയങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റുവാണ്ട സെനറ്റ് പ്രസിഡന്‍റ് ബെര്‍ണഡ് മകൂസ, യുഗാണ്ട പാര്‍ലമെന്‍റ് സ്പീക്കര്‍ റെബേക്ക അലിത്വാല കഡഗ എന്നിവരുമായി അന്‍സാരി നടത്തിയ കൂടിക്കാഴ്ചക്കിടെ പാര്‍ലമെന്‍റ് ഇടപാടുകള്‍ സംബന്ധിച്ച വിഷയം ഉയര്‍ന്നുവന്നിരുന്നു. 1997നുശേഷം ഇതാദ്യമായാണ് ഇന്ത്യ റുവാണ്ടയില്‍ ഉന്നതതല സന്ദര്‍ശനം നടത്തുന്നത്. യുഗാണ്ടയില്‍ ഇതിനുമുമ്പ് ഇന്ത്യ ഉന്നതതല സന്ദര്‍ശനം നടത്തിയിട്ടില്ല. ഈമാസം 19 മുതല്‍ 23 വരെയാണ് അന്‍സാരി ഭാര്യ സല്‍മ അന്‍സാരി, കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ സഹമന്ത്രി വിജയ് സാംപ്ല, എം.പിമാരായ കനിമൊഴി, റണ്‍വിജയ് സിങ് ജുദേവ്, റാണി നാരാ, പി.കെ. ബിജു എന്നിവരോടൊപ്പം റുവാണ്ടയിലും യുഗാണ്ടയിലും സന്ദര്‍ശനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.