കരീബിയൻ ദ്വീപിൽ ഇർമ സംഹാരം തുടരുന്നു;10 മരണം, ആയിരങ്ങൾ ഭവനരഹിതർ
text_fields
സാൻജുവാൻ: യു.എസിനെ ലക്ഷ്യം വെച്ച് നീങ്ങുന്ന ഇർമ ചുഴലിക്കാറ്റ് കരീബിയൻ ദ്വീപിൽ നാശനഷ്ടം തുടരുന്നു. യു.എസ് സംസ്ഥാനമായ ഫ്ലോറിഡ, യു.എസിെൻറ അധീനതയിലുള്ള പ്യൂർടോറിക്കോ, വിർജിൻ ഐലൻഡ്സ് എന്നിവിടങ്ങളിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ബാർബുദ ദ്വീപിലെ മുഴുവൻ കെട്ടിടങ്ങൾക്കും ചുഴലിക്കാറ്റിൽ കേടുപാട് സംഭവിച്ചതായാണ് റിപ്പോർട്ട്. 1400ഒാളം ആളുകൾ ഭവനരഹിതരായി. വാർത്താവിനിമയ സംവിധാനങ്ങൾ വിഛേദിക്കപ്പെട്ടു. തകരാറുകൾ പരിഹരിച്ച് ഇൗ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്നാണ് വിവരം.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽനിന്ന് കുടുംബത്തോടൊപ്പം രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുവയസ്സുകാരി മരിച്ചു. സഞ്ചാരപാതയിൽ കനത്ത നാശം വിതയ്ക്കുന്ന ഇർമ, ഫ്രഞ്ച് അധീനതയിലുള്ള കരീബിയൻ ദ്വീപായ സെൻറ് മാർട്ടിനിൽ ഒമ്പതുപേരുടെ ജീവനെടുത്തു. ഇതോടെ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 10 ആയി. ദുരന്തം മുന്നിൽ കണ്ട് പ്യൂർടോറിക്കയിൽ ഒമ്പതുലക്ഷം ആളുകളെ ഒഴിപ്പിച്ചു.
പ്യൂർടോറികോയിൽ മൂന്നിൽ രണ്ട് വീടുകളിലും വൈദ്യുതിബന്ധം തടസ്സപ്പെട്ടു. 17 ശതമാനം ആളുകൾ കുടിവെള്ളമില്ലാതെ കഴിയുകയാണ്. കാറ്റിെൻറ ദിശ വടക്കൻ ഹിസ്പാനിയോലയിലേക്ക് നീങ്ങുന്നതോടെ ഹെയ്തിയിൽ 30 ലക്ഷം ആളുകൾ ദുരിതത്തിലാവും. ദുരന്തസാധ്യത കണക്കിലെടുത്ത് ആളുകേളാട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കരീബിയൻ ദ്വീപായ കുറകാവോയിലേക്ക് അവശ്യസാധനങ്ങൾ ഹെലികോപ്ടർ വഴി എത്തിച്ചതായി ഡച്ച് പ്രതിരോധമന്ത്രാലയം അറിയിച്ചു. 1928ലെ ‘ഫെലിപ്’ ചുഴലിക്കാറ്റ് ഗ്വാണ്ടെലൂപ്, പ്യൂട്ടോറിക്കോ, ഫ്ലോറിഡ എന്നിവിടങ്ങളിലായി 2,748 പേരുടെ ജീവനെടുത്തിരുന്നു.
കാറ്റ് ചെറുദ്വീപുകളിലാണ് കൂടുതൽ നാശം വിതക്കുന്നത്. അതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് ബാർബുദ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ പറഞ്ഞു. ബാർബുദയിൽ തകർന്ന കെട്ടിടങ്ങളുടെ പുനർനിർമാണത്തിന് 10 കോടി ഡോളറെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 80,000യിരം ആളുകളാണ് ഇൗ ചെറുദ്വീപിൽ താമസിക്കുന്നത്. ഇൗയാഴ്ച അവസാനത്തോടെ കാറ്റ് ഫ്ലോറിഡയിലെത്തുമെന്നാണ് കരുതുന്നത്. രണ്ടാഴ്ച മുമ്പ് ഹാർവി ചുഴലിക്കാറ്റ് നാശം വിതച്ചതാണിവിടെ. വീണ്ടുമൊരു ദുരന്തം അതിജീവിക്കാൻ തീരപ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകുവാനും നിര്‍ദേശമുണ്ട്.
എന്താണ് ‘ഇർമ’
അറ്റ്ലാൻറിക് സമുദ്രത്തില്‍ രൂപം കൊണ്ട് കരീബിയന്‍ ദ്വീപുകളില്‍ വീശിയടിച്ചു ശക്തിപ്രാപിച്ചുവരുന്ന ചുഴലിക്കാറ്റാണ് ഇര്‍മ. വർഷങ്ങൾക്കിടെ അറ്റ്ലാൻറിക് തീരത്ത് നാശം വിതക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. മണിക്കൂറിൽ 285 കി.മീ ആണ് കാറ്റഗറി അഞ്ചിൽ ഉൾപ്പെടുത്തിയ കാറ്റിെൻറ വേഗത. അറ്റ്ലാൻറിക്കിലെ കേപ് വെർദ് ദ്വീപുകൾക്കു സമീപത്തുനിന്നാണ് കാറ്റ് രൂപംകൊള്ളുന്നത്. ഈ പ്രദേശത്തുനിന്നു രൂപംകൊണ്ട മറ്റു കൊടുങ്കാറ്റുകളായ ഹ്യൂഗോ, ഫ്ലോയ്ഡ്, ഐവാൻ എന്നിവയും തീവ്രതയുടെ കാര്യത്തിൽ മുന്നിലായിരുന്നു. പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും ഇർമ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. എന്നാൽ യു.എസിലെ ഫ്ലോറിഡയിലെത്തുേമ്പാൾ ദുർബലമാവുമെന്നും പ്രവചനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.