ഹഫ്തർ സേനയിൽ നിന്ന് ട്രിപളി വിമാനത്താവളം സർക്കാർ സേന പിടിച്ചെടുത്തു
text_fieldsട്രിപളി: ഖലീഫ ഹഫ്തറിന്റെ ലിബിയൻ നാഷനൽ ആർമിയുടെ (എൽ.എൻ.എ) നിയന്ത്രണത്തിലുള്ള ലിബിയയിലെ ട്രിപളി രാജ്യാന്തര വിമാനത്താവളം സർക്കാർ സേന പിടിച്ചെടുത്തു. സൈനിക വക്താവ് മുഹമ്മദ് ഗൗനൗയാണ് വാർത്ത പുറത്തുവിട്ടത്. ട്രിപളിയിൽ നിന്ന് 21 മൈൽ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
2014ലാണ് കിഴക്കൻ ലിബിയ ആസ്ഥാനമായുള്ള ഹഫ്തറിന്റെ ലിബിയൻ നാഷനൽ ആർമി വിമാനത്താവളത്തിന്‍റെ നിയന്ത്രണം പിടിച്ചെടുത്തത്. തുടർന്ന് യാത്രാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ഏപ്രിൽ മുതൽ രാജ്യ തലസ്ഥാനമായ ട്രിപളി പിടിക്കാനുള്ള നീക്കത്തിലാണ് ഖലീഫ ഹഫ്തറും എൽ.എൻ.എയും.
2011ൽ ഗദ്ദാഫിയുടെ പതനത്തോടെയാണ് ലിബിയയിൽ അധികാരത്തിനായുള്ള ആഭ്യന്തര യുദ്ധം ആരംഭിച്ചത്. ഗദ്ദാഫിയുടെ വിശ്വസ്തനായിരിക്കെ കൂറുമാറി നാടുകടക്കുകയും ഒടുവിൽ ഗദ്ദാഫിയെ പടിയിറക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത ആളാണ് ഹഫ്തർ. അരാജകത്വം വാഴുന്ന രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഹഫ്തറിനാണ് നിയന്ത്രണം.
യു.എൻ പിന്തുണയുള്ള ഭരണകൂടം പട്ടണങ്ങൾ തിരിച്ചു പിടിക്കാനുള്ള പോരാട്ടം കഴിഞ്ഞ ഏപ്രിലിലാണ് ആരംഭിച്ചത്. ട്രിപളിക്ക് തെറ്റ് സ്ഥിതി ചെയ്യുന്ന അൽ വാദിയ വ്യോമകേന്ദ്രം സർക്കാർ സേന തന്ത്രപരമായ നീക്കത്തിലൂടെ തിരികെ പിടിച്ചിരുന്നു. കഴിഞ്ഞ 14 വർഷമായി ഹഫ്തറിന്റെ നിയന്ത്രണത്തിലായിരുന്നു വ്യോമകേന്ദ്രം.
തുനീഷ്യൻ അതിർത്തിയിലെ ബദർ, തിജി എന്നീ പട്ടണങ്ങൾ സർക്കാർ സേന പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.