മുഗാബെയുടെ വീഴ്ച ഉറപ്പാക്കി ഹരാരെയിൽ ആയിരങ്ങളുടെ റാലി
text_fieldsഹരാരെ: പട്ടാളം ഭരണം പിടിച്ച സിംബാബ്വെയിൽ പ്രസിഡൻറ് റോബർട്ട് മുഗാബെയുടെ രാജിയാവശ്യപ്പെട്ട് കൂറ്റൻ റാലി. കോളനിവാഴ്ചയിൽനിന്ന് രാജ്യത്തെ മോചിപ്പിച്ച് നീണ്ട 37 വർഷം ഭരണം നടത്തിയ നേതാവ് അധികാരം വിടണമെന്ന ബാനറുയർത്തിയാണ് പതിനായിരങ്ങൾ തലസ്ഥാന നഗരമായ ഹരാരെയിൽ തെരുവ് കീഴടക്കിയത്.
മുഗാബെയുടെ വീഴ്ച സുനിശ്ചിതമായതോടെ പാട്ടുപാടിയും നൃത്തംവെച്ചും പരസ്പരം ആേശ്ലഷിച്ചും ജനം ആഹ്ലാദം പങ്കുവെച്ചപ്പോൾ സൈന്യം കാഴ്ചക്കാരായി. 1980ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഇതുവരെയും വാണ മുഗാബെക്കു കീഴിൽ രാജ്യം കരകയറാനാവാത്തവിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണതാണ് ജനത്തെ ശത്രുക്കളാക്കിയത്. ഇതുവരെയും കൂടെനിന്ന പാർട്ടിനേതൃത്വത്തെ മറികടന്ന് ഭാര്യ ഗ്രേസിനെ പിൻഗാമിയായി പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ സൈന്യവും എതിരായി. കഴിഞ്ഞദിവസം ഭരണം പിടിച്ച പട്ടാളം ശനിയാഴ്ചയാണ് വൻ െഎക്യദാർഢ്യ റാലിക്ക് അനുമതി നൽകിയത്. ജനകീയപിന്തുണ അറിയിച്ച് അട്ടിമറി സാധൂകരിക്കാനുള്ള നീക്കത്തെ അംഗീകരിച്ചാണ് വൻജനക്കൂട്ടം തെരുവിലിറങ്ങിയത്.
അതിനിടെ, ഭരണകക്ഷിയായ സാനു-പി.എഫും മുഗാബെയുടെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സിംബാബ്വെയിലെ 10 പ്രവിശ്യകളിലെയും പാർട്ടി ഘടകങ്ങൾ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. സ്വന്തം കക്ഷിയും എതിരാവുന്നതോടെ മുഗാബെക്കു മുന്നിൽ രാജി മാത്രമാകും പോംവഴി. തലസ്ഥാന നഗരത്തിലെ ആഡംബര വസതിയായ ‘ബ്ലൂ റുഫി’ൽ വീട്ടുതടങ്കലിലാണ് മുഗാബെയിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.