സമാധാന നൊബേൽ മികച്ച നയതന്ത്രത്തിന്
text_fieldsകലഹത്തിെൻറ പാതയിൽനിന്ന് രാഷ്ട്രത്തെ സമാധാനത്തിലേക്ക് വഴിനടത്തിയ നേതാവിന് നൊബേൽ ലഭിച്ചതിൽ ഇത്യോപ്യൻ ജനതക്ക് ഒട്ടും ആശ്ചര്യമില്ല. പുരസ്കാരം അദ്ദേഹം അർഹിക്കുന്നതാണെന്ന മട്ടിലായിരുന്നു പ്രതികരണങ്ങളത്രയും. 2018 ഏപ്രിലിലാണ് ആബി അഹ്മദ് അലി എന്ന 43കാരൻ ഇത്യോപ്യയുടെ ഭരണസാരഥ്യം ഏറ്റെടുത്തത്. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇത്യോപ്യ. നിരവധി ഭാഷകളും വ്യത്യസ്ത വംശങ്ങളുമാണിവിടെ. അതിനാൽ വംശീയസംഘർഷങ്ങൾക്ക് പഞ്ഞമില്ല താനും. നിലവിൽ ഒമ്പത് വംശങ്ങളുണ്ടിവിടെ. ഒപ്പം അയൽരാജ്യമായ ഐറിത്രിയയുമായി 20 വർഷം നീണ്ട അതിർത്തിത്തർക്കവും യുദ്ധവും. ഇതെല്ലാം പരിഹരിക്കാൻ മുൻകൈയെടുത്തതിനാണ് ആബിയെ തേടി ഇക്കൊല്ലത്തെ സമാധാന നൊബേൽ എത്തിയത്.
‘‘ഒരു രാഷ്ട്രമെന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇത്യോപ്യക്കാരുടെ കൂട്ടായ വിജയത്തിെൻറ ഭാഗമാണ് ഈ അംഗീകാരം. രാജ്യത്തെ പ്രതീക്ഷയുടെ ചക്രവാളമാക്കി മാറ്റാനുള്ള ആഹ്വാനമാണിത്’’ -നൊബേൽ വിവരമറിഞ്ഞയുടൻ ആബിയുടെ ഓഫിസ് പ്രതികരിച്ചു.
കിഴക്കൻ ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യയുടെ വടക്ക് ഭാഗത്താണ് ഐറിത്രിയ. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ 1993ൽ ഇത്യോപ്യയിൽനിന്ന് ഐറിത്രിയ സ്വാതന്ത്ര്യം നേടി. യു.എൻ ഹിതപരിശോധനയെ തുടർന്നായിരുന്നു ഈ വേർപെടൽ. എന്നാൽ, അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഇത്യോപ്യയും ഐറിത്രിയയും തമ്മില്‍ അതിര്‍ത്തിയെച്ചൊല്ലി യുദ്ധം തുടങ്ങി. 1998 മുതല്‍ 2018 വരെ നീണ്ടുനിന്ന യുദ്ധത്തില്‍ 70,000ത്തോളം ജീവൻ പൊലിഞ്ഞു. 25 ലക്ഷത്തോളം ആളുകൾ കുടിയിറക്കപ്പെട്ടു. അന്താരാഷ്ട്ര സമാധാന ചർച്ചകൾ ഒന്നുപോലും ലക്ഷ്യം കണ്ടില്ല. അതിനിടെയാണ് ആബി ഇത്യോപ്യൻ പ്രധാനമന്ത്രിയായി ചുമതലറ്റേത്. അധികാരമേറ്റ നാളുകളില്‍തന്നെ ഐറിത്രിയയുമായി സമാധാനചർച്ചകൾക്ക് അദ്ദേഹം മുൻകൈയെടുത്തു. ഐറിത്രിയ പ്രസിഡൻറുമായി ആബിക്ക് അടുത്ത ബന്ധമായിരുന്നു. ഇതും തുണയായി. ഇത്യോപ്യന്‍ പീപ്പിള്‍ റെവലൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിെൻറയും ഒറോമോ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ചെയര്മാൻകൂടിയാണ് ആബി. ആറുമാസംകൊണ്ടുതന്നെ സമാധാന ചർച്ചകൾ യാഥാർഥ്യമാക്കാനായി.
ജിദ്ദ അൽസലാം കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസിെൻറയും സാന്നിധ്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ സമാധാന കരാറിൽ ഒപ്പുവെച്ചത്. പിന്നീട് ജയിലില്‍ കഴിയുന്ന രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചു. തീവ്രവാദികളെന്ന് മുദ്രകുത്തി നാടുകടത്തിയവരെ തിരികെ വിളിച്ചു. രാജ്യത്തെ അടിയന്തരാവസ്ഥ നീക്കി. മീഡിയ സെൻസർഷിപ് എടുത്തുകളഞ്ഞു. നിരോധിത രഷ്ട്രീയ സംഘടനകളെ നിയമാനുസൃതമാക്കി. അഴിമതിയിൽ കുളിച്ച നേതാക്കളെ പുറത്താക്കി. പൊതുരംഗത്തിറങ്ങാൻ വനിതകൾക്ക് പ്രേരണ നൽകി... ഇതെല്ലാം ആബിയുടെ ജനപ്രീതി വർധിപ്പിച്ചു. ഇതിനിടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സുഡാനിലും മധ്യസ്ഥശ്രമവുമായി ആബി എത്തി. 1995ൽ റുവാണ്ടയിലെ യു.എൻ സമാധാനപാലന സംഘത്തിലുമുണ്ടായിരുന്നു. കെനിയയും സോമാലിയയും തമ്മിലുള്ള നാവികാതിർത്തി പ്രശ്നത്തിലും ആബിയായിരുന്നു മാധ്യസ്ഥൻ.
ഇത്യോപ്യയിലെ ബേഷഷയിൽ മുസ്ലിം-ക്രിസ്ത്യൻ ദമ്പതികളായ അഹമ്മദ് അലിയുടെയും ടെസെറ്റ വേള്ഡേയുടെയും മകനായി 1976 ആഗസ്റ്റ് 15നാണ് ജനനം. പട്ടാളത്തില്‍ ഇൻറലിജന്‍സ് ഓഫിസറായിരുന്നു. 2010ലാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്. 2016ൽ കുറച്ചുകാലം ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.