ദക്ഷിണാഫ്രിക്ക: സുമയുടെ കൂട്ടാളികളുടെ വീട്ടിൽ റെയ്ഡ്
text_fieldsജൊഹാനസ് ബർഗ്: അഴിമതിക്കേസിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമയുമായി ബന്ധംപുലർത്തുന്ന ഇന്ത്യൻബിസിനസ് കുടുംബത്തിെൻറ ആഡംബര വസതിയിൽ പൊലീസ് റെയ്ഡ്. സുമയുമായി അവിശുദ്ധബന്ധം പുലർത്തുന്ന ഗുപ്ത കുടുംബത്തിെൻറ വസതിയിലാണ് റെയ്ഡ് നടത്തിയത്. ഗുപ്ത സഹോദരനുൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. ആഡംബര വസ്തുക്കളും പിടിച്ചെടുത്തു. സുമയുടെ ബന്ധം തങ്ങളുടെ ബിസിനസ് താൽപര്യങ്ങൾക്കായി ഗുപ്ത കുടുംബം ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപണമുയർന്നത്. സുമക്കെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളുടെ കേന്ദ്രബിന്ദുവും ഇൗ ബിസിനസ് കുടുംബം തന്നെ. ഗുപ്തയുമായുള്ള ബന്ധം കണക്കിലെടുത്ത് സുമ രാജ്യത്തിെൻറ തന്ത്രപ്രധാനവും സർക്കാർ കരാറുകളെ കുറിച്ചുള്ളതുമായ വിവരങ്ങൾ ഗുപ്തയുടെ കുടുംബത്തിന് ചോർത്തിക്കൊടുത്തുവെന്നും ആരോപണമുണ്ട്. അതേസമയം, ആരോപണങ്ങൾ സുമയും ഗുപ്തയും ആവർത്തിച്ച് നിഷേധിക്കുകയാണ്.
ഇന്ത്യയിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറി ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയതാണ് ഗുപ്ത കുടുംബം. കമ്പ്യൂട്ടർ, ഖനനം, വ്യോമ ഗതാഗതം, ഉൗർജം, സാേങ്കതികവിദ്യ എന്നീ രംഗങ്ങളിൽ ബിസിനസ് ഉണ്ട് അവർക്ക്. അതുൽ, രാജേഷ്, അജയ് എന്നീ മൂന്നു സഹോദരന്മാർ 1993ലാണ് ഇന്ത്യയിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയത്. പ്രസിഡൻറിെൻറയും മകെൻറയും ഉറ്റസുഹൃത്തുക്കളെന്നാണിവർ അറിയപ്പെടുന്നത്. തന്നെ അടുത്ത മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയാക്കാമെന്ന് പറഞ്ഞ് ഗുപ്ത കുടുംബം അഞ്ചുകോടി ഡോളർ കൈക്കൂലി വാഗ്ദാനം ചെയ്തതായി മുൻ ഡെപ്യൂട്ടി ധനകാര്യമന്ത്രി സെബിസി ജോനാസ് വെളിപ്പെടുത്തിയിരുന്നു.
അതിനിടെ, സുമയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ഭരണകക്ഷിയായ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ്(എ.എൻ.സി). അതിെൻറ ഭാഗമായാണ് റെയ്ഡെന്നാണ് വിലയിരുത്തൽ. എ.എൻ.സി പ്രസിഡൻറ് സിറിൽ റാമഫോസയെ പ്രസിഡൻറാക്കാനാണ് നീക്കം.
ചൊവ്വാഴ്ച സുമക്ക് സ്ഥാനമൊഴിയാൻ പാർട്ടി 48 മണിക്കൂർ സമയത്തെ അന്ത്യശാസനം നൽകിയിരുന്നു. രാജിവെക്കാൻ സന്നദ്ധനായില്ലെങ്കിൽ ഇംപീച്ച്മെൻറിലൂടെ പുറത്താക്കാനാണ് പാർട്ടി തീരുമാനം. 2019ൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുമയെ പുറത്താക്കാനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.