സുഡാനിൽ സൈന്യം ഭരണമൊഴിയണം; ജനം വീണ്ടും തെരുവിൽ
text_fieldsഖാര്‍ത്തൂം: ഉമർ അൽ ബശീറിനെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കിയിട്ടും സുഡാനിലെ പ്രക്ഷോഭം അവസാനിക്കുന്നില്ല. പ്രസിഡൻറിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത സൈന്യത്തിനെതിരെയാണ് പുതിയ പോരാട്ടം. സൈന്യം ഉടൻ അധികാരമൊഴിയണമെന്ന് ആവശ്യപ്പെട്ട് നിരോധനാജ്ഞ പോലും വകവെക്കാതെ ജനം തെരുവിലിറങ്ങി. സൈന്യവും ഉമർ അൽ ബശീര്‍ ഭരണകൂടത്തിെൻറ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനങ്ങളുടെ പ്രതിഷേധം.
പ്രസിഡൻറിെന പുറത്താക്കിയതിനു പിന്നാലെ സൈന്യം രാജ്യത്ത് മൂന്നുമാസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ രണ്ടുവർഷം അധികാരത്തിലിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മോഷ്ടാവിന് പകരം മറ്റൊരു മോഷ്ടാവ് എന്നാണ് സൈനിക നടപടിക്കെതിരെ സുഡാനിലെ ജനങ്ങള്‍ പ്രതികരിച്ചത്. സൈന്യത്തിെൻറ നടപടികൊണ്ട് കാര്യങ്ങള്‍ പഴയരീതിയില്‍തന്നെ ചെന്നവസാനിക്കുമെന്നും സൈന്യം മുഖംമാറ്റുക മാത്രമാണ് നിലപാടുകള്‍ മാറ്റുന്നില്ലെന്നും ജനാധിപ്യ ഭരണക്രമമാണ് രാജ്യത്തിന് ആവശ്യമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു.
എന്നാൽ, അധികാരത്തിൽ കടിച്ചുതൂങ്ങാൻ താൽപര്യമില്ലെന്ന് സൈന്യം അറിയിച്ചു. സർക്കാർ രൂപവത്കരിച്ചാൽ ഒരു മാസത്തിനകം അധികാരമൊഴിയാൻ തയാറാണെന്നും സൈനിക രാഷ്ട്രീയ കൗൺസിൽ വ്യക്തമാക്കി. ജനപ്രതിനിധികൾ തെരഞ്ഞെടുക്കുന്ന സർക്കാറായിരിക്കും സുഡാനെ ഭാവിയിൽ നയിക്കുകയെന്ന് ലഫ്. ജനറൽ ഉമർ െെസനുൽ ആബിദീൻ ഉറപ്പുനൽകി. രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ അരക്ഷിതാവസ്ഥ പരിഹരിക്കാൻ കഴിയുക ജനങ്ങൾക്കാണ്. പൊതു സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുക മാത്രമാണ് ഞങ്ങളുടെ ചുമതല -അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, പ്രക്ഷോഭകരോട് സമാധാനം പാലിക്കാൻ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. സൈനിക അട്ടിമറിയെ ആഫ്രിക്കൻ യൂനിയൻ അപലപിച്ചു. സുഡാനിലെ വെല്ലുവിളികൾ മറികടക്കാൻ ഇതുകൊണ്ട് കഴിയില്ലെന്ന് യൂനിയൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷമായ ഉമ്മ പാർട്ടിയുടെ നേതാവ് സാദിഖ് അൽ മുഹ്ദിയാണ് സുഡാനിൽ അവസാനം തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി. അദ്ദേഹത്തെ അട്ടിമറിച്ചാണ് 1989ൽ അൽ ബശീർ അധികാരം പിടിച്ചെടുത്തത്. പിന്നീട് കുറെക്കാലം രാഷ്ട്രീയ പ്രവാസത്തിലായിരുന്നു മുഹ്ദി. വ്യാഴാഴ്ചത്തെ അട്ടിമറിയിലേക്ക് നയിച്ചത് രാജ്യത്തേക്ക് മടങ്ങിയെത്തിയ നാൾതൊട്ട് പ്രതിപക്ഷ കക്ഷികളെ കൂട്ടുപിടിച്ച് അദ്ദേഹം നടത്തിയ ശ്രമങ്ങളാണ്.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറൻറ് പ്രകാരമാണ് അൽ ബശീറിനെ സൈന്യം അറസ്റ്റ് ചെയ്തത്. യുദ്ധകുറ്റങ്ങളും സുഡാനില്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുമാണ് ചുമത്തിയ കുറ്റങ്ങള്‍. ബശീറിനെ അറസറ്റ് ചെയ്തു നീക്കിയ വിവരം സുഡാന്‍ പ്രതിരോധ മന്ത്രി അവാദ് ഇബ്ന്‍ ഔഫ് ആണ് ജനങ്ങളെ അറിയിച്ചത്. പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന ആക്രമണങ്ങള്‍ക്കും കൊലകള്‍ക്കും അവാദ് ജനങ്ങളോട് മാപ്പു ചോദിക്കുകയും ചെയ്തു. അൽ ബശീറിെൻറ അടുത്ത അനുയായികൂടിയാണ് അവാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.