ലിബിയയിൽ വിമാനങ്ങൾക്ക് നേരെ റോക്കറ്റ് ആക്രമണം; ആറു മരണം
text_fieldsട്രിപളി: ലിബിയൻ തലസ്ഥാനമായ ട്രിപളിയിലെ വിമാനത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം. മിറ്റിഗ രാജ്യാന്തര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന രണ്ട് യാത്രാ വിമാനങ്ങളും ഇന്ധന സംവിധാനവും തകർന്നു. ആറു പേർ മരിച്ചു. 12ലധികം പേർക്ക് പരിക്കേറ്റു. കിഴക്കൻ ലിബിയ ആസ്ഥാനമായുള്ള ഖലീഫ ഹഫ്തറിന്റെ ലിബിയൻ നാഷനൽ ആർമി (എൽ.എൻ.എ) ആണ് ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എയർ ബസ് 320, 330 ഇനത്തിൽപ്പെട്ട വിമാനങ്ങൾക്കാണ് തകരാർ സംഭവിച്ചത്. സ്ഫോടനത്തെ തുടർന്ന് തെറിച്ച് ചീളുകൾ കൊണ്ട് വിമാനത്തിന്‍റെ വാൽഭാഗത്തിനാണ് തകരാർ സംഭവിച്ചത്. കോവിഡ് ലോക്ഡൗണിൽ യൂറോപ്പിൽ കുടുങ്ങിയ ലിബിയൻ പൗരന്മാരെ തിരികെ കൊണ്ടുവരാനായി സ്പെയിനിലേക്ക് പുറപ്പെടാൻ തയാറായി നിൽക്കുകയായിരുന്നു വിമാനങ്ങൾ.
എൻപതോളം റോക്കറ്റുകളാണ് എൽ.എൻ.എ തൊടുത്തുവിട്ടത്. ട്രിപളിയിൽ സ്ഥിതി ചെയ്യുന്ന റിക്സോസ് ഹോട്ടൽ, നസർ ഫോറസ്റ്റ്, ബാബ് ബെൻ ഗാഷിർ ജില്ല എന്നിവിടങ്ങളിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ടെന്ന് യു.എൻ പിന്തുണയോടെയുള്ള സർക്കാറിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ മുതൽ രാജ്യ തലസ്ഥാനമായ ട്രിപളി പിടിക്കാനുള്ള നീക്കത്തിലാണ് ഹഫ്തറിന്റെ ലിബിയൻ നാഷനൽ ആർമി. ഗദ്ദാഫിയുടെ വിശ്വസ്തനായിരിക്കെ കൂറുമാറി നാടുകടക്കുകയും ഒടുവിൽ ഗദ്ദാഫിയെ പടിയിറക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത ആളാണ് ഹഫ്തർ. അരാജകത്വം വാഴുന്ന രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും അദ്ദേഹത്തിനാണ് നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.