കോവിഡ്: രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു
text_fieldsകേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് വൈറസ് ബാധിച്ച് മരിച്ചു. കുഞ്ഞിന്‍റെ അമ്മ കോവിഡ് ബാധിതയായിരുന്നു. തുടർന്ന് കുഞ്ഞിനേയും പരിശോധിച്ചപ്പോൾ രോഗബാധ കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജനിച്ചപ്പോൾ തന്നെ കുഞ്ഞിന് ശ്വസന പ്രശ്നങ്ങളുണ്ടായിരുന്നതായി ആരോഗ്യ മന്ത്രി ഡോ. സ്വെലി മഖൈസ് വ്യക്തമാക്കി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് ബാധിതരിലൊരാളായിരുന്നു ഈ കുഞ്ഞ്. ബുധനാഴ്ച മാത്രം ഈ കുഞ്ഞടക്കം 27 പേരാണ് ദക്ഷിണാഫ്രിക്കയിൽ മരിച്ചത്. 339 പേർ ഇതുവരെ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 18,003 ആണ്.
'കോവിഡ്19-മായി ബന്ധപ്പെട്ട രാജ്യത്തെ ആദ്യ നവജാതശിശു മരണമാണിത്. കുഞ്ഞിന് രണ്ട് ദിവസം മാത്രമായിരുന്നു പ്രായം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ജനിച്ചയുടൻ കുഞ്ഞിന് വെന്‍റിലേറ്ററിന്‍റെ സഹായം നൽകിയിരുന്നു.' - ഡോ. സ്വെലി മഖൈസ് പറഞ്ഞു.
ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് ദക്ഷിണാഫ്രിക്കയിലാണ്. കർശന ലോക്ഡൗൺ നടപടികൾ നിലനിന്നിരുന്നു. എന്നാൽ, നിലവിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ മരണനിരക്കിൽ മുന്നിൽ ഈജിപ്തും അൾജീരിയയുമാണ്. ഈജിപ്തിൽ 680, അൾജീരിയയിൽ 568 എന്നിങ്ങനെയാണ് മരണങ്ങൾ ഉണ്ടായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.