കോംഗോയിൽ 20 ലക്ഷം കുഞ്ഞുങ്ങൾ പട്ടിണിയിലെന്ന് യു.എൻ
text_fieldsബ്രാസവിൽ: ആഭ്യന്തര വംശീയകലാപം കലുഷിതമാക്കിയ കോംഗോ റിപ്പബ്ലിക് കടുത്ത പട്ടിണിയിലേക്കെന്ന് െഎക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. അടിയന്തരസഹായം ലഭ്യമാക്കാൻ നടപടിയില്ലെങ്കിൽ 20 ലക്ഷം കുട്ടികൾ പട്ടിണിയിലാകുമെന്ന് യു.എൻ മനുഷ്യാവകാശസമിതി തലവൻ മാർക്ക് ലൊക്കോക്ക് അറിയിച്ചു. രാജ്യത്തിന് സഹായധനം നൽകാൻ തയാറായവരുമായി നടത്തിയ ചർച്ചക്കുമുമ്പായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. ഒരു ഭാഗത്ത് വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര വംശീയ സംഘട്ടനങ്ങളും മറുഭാഗത്ത് പ്രസിഡൻറ് ജോസഫ് കബിലക്കെതിരെ നടക്കുന്ന പ്രതിഷേധവും കൊണ്ട് വലയുകയാണ് ജനങ്ങൾ.
ഹേമ-ലെൻറു ഗോത്രങ്ങൾ തമ്മിൽ വടക്കൻ ഇട്ടൂരി പ്രവിശ്യയിലുണ്ടായ സംഘട്ടനത്തിൽ കഴിഞ്ഞ ഞായറാഴ്ച 79 പേരാണ് കൊല്ലപ്പെട്ടത്. ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷം 1970കൾ മുതൽ തുടരുന്നതാണ്. 1998നും 2003നും ഇടയിൽ മാത്രം പതിനായിരക്കണക്കിന് പേർ ഇവിടെ കൊല്ലപ്പെട്ടിരുന്നു. സമീപകാലത്തായി സംഘർഷത്തിന് അൽപം ശമനമുണ്ടായിട്ടുണ്ട്. ഇരുവിഭാഗങ്ങൾ തമ്മിലെ സംഘർഷം കാരണം കർഷകർക്ക് വളരെക്കാലം കൃഷി ചെയ്യാൻ സാധിക്കാതെ വന്നതാണ് നിലവിലെ വൻഭക്ഷ്യക്ഷാമത്തിന് ഒരു കാരണം.
കസായ്, തങ്കനൈക പ്രവിശ്യകളിലുണ്ടായ ആക്രമണങ്ങളിലും പതിനായിരങ്ങൾ അപകടത്തിലാണ്. ബൻറു, ട്വ വിഭാഗങ്ങൾ തമ്മിെല വംശീയസംഘർഷം 2016 മധ്യത്തോടെയാണ് രൂക്ഷമായത്. സംഘർഷത്തെത്തുടർന്ന് 2016 ജൂലൈക്കും 2017 മാർച്ചിനും ഇടയിലായി 400ഒാളം ഗ്രാമങ്ങൾ തകർക്കപ്പെട്ടതായി ഇൻറർനാഷനൽ റെസ്ക്യൂ കമ്മിറ്റി വ്യക്തമാക്കി. 2001 മുതൽ രാജ്യത്തെ നയിക്കുന്ന ജോസഫ് കബിലയെ താഴെയിറക്കാനുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തിപ്പെടുകയാണ്. കോംഗോയിൽ നിന്ന് ആറ് ലക്ഷത്തോളം അഭയാർഥികൾ 11 ആഫ്രിക്കൻരാജ്യങ്ങളിലായി കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.