റോബർട്ട് മുഗാബെ രാജിവെച്ചു
text_fieldsഹരാരെ: 1980നുശേഷം ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിൽ അധികാരത്തിെൻറ എല്ലാമായിരുന്ന ഏകാധിപതി റോബർട്ട് മുഗാബെ രാജിവെച്ചു. അദ്ദേഹത്തിനെ ഇംപീച്ച് ചെയ്യാൻ പാർലമെൻറിെൻറ സംയുക്ത സമ്മേളനം നടക്കുന്നതിനിടെയാണ് 93കാരനായ പ്രസിഡൻറിെൻറ അപ്രതീക്ഷിത രാജിയുണ്ടായത്. സ്പീക്കർ ജേക്കബ് മുബെൻഡ മുഗാബെയുടെ രാജിക്കത്ത് വായിച്ചപ്പോൾ പാർലമെൻറംഗങ്ങൾ കരഘോഷം മുഴക്കി. ഇംപീച്ച്മെൻറ് നടപടി പുരോഗമിക്കെ പാർലമെൻറിനുപുറത്ത് മുഗാബെക്കെതിരെ അലയടിച്ചിരുന്ന പ്രതിഷേധവും പെെട്ടന്ന് ആഹ്ലാദാരവത്തിന് വഴിമാറി. റോഡിലെങ്ങും കാറുകൾ ഉച്ചത്തിൽ ഹോൺ മുഴക്കിയും പടക്കങ്ങൾ പൊട്ടിച്ചും ജനങ്ങൾ മുഗാബെയുടെ രാജി ആഘോഷിച്ചു.
ഭരണഘടന ദുരുപയോഗം ചെയ്ത് ഭാര്യ ഗ്രേസിന് അധികാരം കൈമാറാൻ മുഗാബെ നടത്തിയ നീക്കത്തെതുടർന്ന് കഴിഞ്ഞയാഴ്ച പട്ടാളം അദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കിയിരുന്നു. എന്നാൽ, പ്രസിഡൻറ്പദമൊഴിയാൻ മുഗാബെ തയാറായിരുന്നില്ല. ഇതിനിടെയാണ് പാർലെമൻറിെൻറ ഇരുസഭകളും ഇംപീച്ച്മെൻറ് നടപടി തുടങ്ങിയത്. ‘‘ഞാൻ റോബർട്ട് ഗബ്രിയേൽ മുഗാെബ, സിംബാബ്വെ ഭരണഘടനയുടെ 96ാം വകുപ്പനുസരിച്ച് എെൻറ രാജി സമർപ്പിക്കുന്നു. ഉടൻ പ്രാബല്യത്തിൽ വരുംവിധം...’’ എന്നാണ് അദ്ദേഹം രാജിക്കത്തിൽ എഴുതിയത്.
മുഗാബെയുടെ സ്ഥാനത്യാഗത്തോടെ 37 വർഷത്തെ ഏകാധിപത്യഭരണത്തിനാണ് രാജ്യത്ത് തിരശ്ശീല വീഴുന്നത്. 1980ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ സിംബാബ്വെ ഇതുവരെ മറ്റൊരു ഭരണാധികാരിയെയും അതിെൻറ തലപ്പത്ത് കണ്ടിട്ടില്ല. മുഗാബെ തെരഞ്ഞെടുപ്പുകൾ ജയിച്ചെങ്കിലും രാഷ്ട്രീയഎതിരാളികളെ അക്രമം കൊണ്ട് അമർച്ച ചെയ്യുന്നതായിരുന്നു ശൈലി. സ്വന്തം പദവി സംരക്ഷിക്കാൻ ഒരു രാജ്യത്തെ തകർത്ത ഭരണാധികാരിയെന്ന കുപ്രസിദ്ധിയും മുഗാബെക്കുണ്ട്. അതേസമയം, വെള്ളക്കാരെ രാജ്യത്തുനിന്ന് കെട്ടുകെട്ടിച്ച സ്വാതന്ത്ര്യനായകനെന്ന പരിവേഷവും ചിലർ അദ്ദേഹത്തിന് കൽപിക്കുന്നു. നിലവിൽ പണപ്പെരുപ്പം കുമിഞ്ഞുകൂടി വൻ സാമ്പത്തികതകർച്ചയാണ് രാജ്യം അഭിമുഖീകരിക്കുന്നത്.1980ലേതിെനക്കാൾ സിംബാബ്വെ ജനത 15 ശതമാനം കൂടുതൽ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതായി കണക്കുകൾ വെളിപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.