സുഡാൻ സംഘർഷം: അവസാനിപ്പിക്കാനുള്ള ശ്രമം വിജയത്തിലേക്കെന്ന് മധ്യസ്ഥർ
text_fieldsദാർഫുർ: സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ വിജയത്തിലേക്കെന്ന് റിപ്പോർട്ട്. കിഴക്കൻ ആഫ്രിക്കയിലെ എട്ട് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഇന്റർ ഗവൺമെന്റൽ അതോറിറ്റി ഓൺ ഡെവലപ്മെന്റ് (ഇഗാദ്) ആണ് മധ്യസ്ഥ ശ്രമം നടത്തുന്നത്.
സൈന്യത്തലവൻ അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോട്ടേഴ്സ് ഗ്രൂപ് മേധാവി മുഹമ്മദ് ഹംദാൻ ദഗാലോയും നേരിട്ടുള്ള ചർച്ചക്ക് തയാറായതായി ഇഗാദ് അധികൃതർ അറിയിച്ചു. ഇരുവരും ഫോണിൽ സംസാരിച്ച് വെടിനിർത്തലിന് തത്ത്വത്തിൽ ധാരണയിലെത്തിയതായി ജിബൂതി പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അലെക്സിസ് മുഹമ്മദ് അറിയിച്ചു.
നിലവിൽ ജിബൂതി അധ്യക്ഷത വഹിക്കുന്ന കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയിൽ എറിത്രിയ, ഇത്യോപ്യ, കെനിയ, സോമാലിയ, സൗത്ത് സുഡാൻ, സുഡാൻ, യുഗാണ്ട എന്നീ രാജ്യങ്ങളും അംഗങ്ങളാണ്. എപ്പോൾ, എവിടെയാണ് ഇരു സൈനിക തലവന്മാരും നേരിട്ട് ചർച്ച നടത്തുകയെന്നതടക്കം കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല. സൈന്യവും ആർ.സി.എഫും റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.
മൂന്നുപതിറ്റാണ്ട് രാജ്യം ഭരിച്ച പ്രസിഡന്റ് ഉമർ അൽബഷീർ 2019ൽ സൈനിക അട്ടിമറിയിലൂടെ പുറത്തായതോടെയാണ് സുഡാനിലെ സമീപകാല സംഘർഷം ആരംഭിക്കുന്നത്. പാരാമിലിറ്ററി വിഭാഗത്തിന്റെകൂടി നിയന്ത്രണം കൈക്കലാക്കാനുള്ള സൈന്യത്തിന്റെ നീക്കമാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.