കോവിഡിന്‍റെ വരവ് പ്രവചിച്ച ബിൽ ഗേറ്റ്സ് പറയുന്നു, ലോകം നേരിടാൻ പോകുന്ന രണ്ട് ദുരന്തങ്ങൾ ഇവയാണ്
text_fields2015ൽ ടെഡ് ടോകിൽ ലോകത്ത് ഭീതി പടർത്താൻ പോകുന്ന മഹാമാരിയെക്കുറിച്ച് ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽഗേറ്റ്സ് സംസാരിക്കുന്ന വിഡിയോ കോവിഡ് കാലത്ത് വൈറലായി മാറിയിരുന്നു.
'ഞങ്ങളുടെ കുട്ടിക്കാലത്ത് ജനങ്ങൾ ഭയന്നിരുന്നത് ന്യൂക്ലിയർ യുദ്ധമാണ് എന്നാൽ ഇപ്പോൾ കാലം മുന്നോട്ട് പോയിരിക്കുന്നു. അടുത്ത പതിറ്റാണ്ടുകളിൽ എന്തെങ്കിലും ഒരു സംഭവം ഒരു കോടിയിലധികം മനുഷ്യരുടെ ജീവഹാനിക്ക് കാരണമാവുന്നുണ്ടെങ്കിൽ അത്, യുദ്ധമായിരിക്കില്ല. അപകടകാരിയായ ഒരു വൈറസായിരിക്കും. മിസൈലുകളല്ല... രോഗാണു...'- ബിൽഗേറ്റ്സ് അന്ന് പറഞ്ഞു.
കോവിഡ് മഹാമാരിയെക്കുറിച്ച് മുന്നറിയിപ്പ് തന്ന അതേ ബിൽ ഗേറ്റ്സ് ലോകം ഇനി നേരിടാൻ പോകുന്ന രണ്ട് ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. പ്രശസ്ത യൂട്യൂബറായ ഡെറിക് മുള്ളറുമായി സംവദിക്കവേയാണ് ബിൽ ഗേറ്റ്സിന്റെ പ്രതികരണം.
'ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്. മഹാമാരിക്കാലത്തുള്ള മരണനിരക്കിനേക്കാൾ വലുതായിരിക്കും ഒരോ വർഷവും അത് മൂലമുണ്ടാകാൻ പോകുന്നത്' -അദ്ദേഹം പറഞ്ഞു.
ആളുകൾ അധികം ഇതേക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ജൈവ ഭീകരവാദത്തെ രണ്ടാമത്തെ ഭീഷണിയായി ചൂണ്ടിക്കാട്ടി. 'ജൈവ തീവ്രവാദമാണ് രണ്ടാമത്തേത്. നാശം വിതക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഒരു വൈറസിനെ പടച്ചു വിടാൻ സാധിക്കും. കോവിഡ് പോലെ സ്വാഭാവികമായി ഉണ്ടാകുന്ന പകർച്ചവ്യാധികളേക്കാൾ ഭീകരമായിരിക്കും ഇതുണ്ടാക്കുന്ന അപകടം' -അദ്ദേഹം പറഞ്ഞു.
കോവിഡിൽ പകച്ചുനിൽക്കുന്ന ലോകത്തിന് അടുത്ത ഒരു മഹാമാരിയെ തടുത്ത് നിർത്താൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നതായിരുന്നു ബിൽ ഗേറ്റ്സ് നൽകിയ ഉത്തരം. ഇനിയും മഹാമാരികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിൻ, വ്യാജ വാർത്തകൾ, ഓൺലൈനിലെ തെറ്റായ വിവരങ്ങൾ എന്നിവയെ കുറിച്ച് ബിൽ ഗേറ്റ്സ് സംസാരിക്കുന്ന അഭിമുഖത്തിന്‍റെ പൂർണ്ണരൂപം താഴെ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.