20 വർഷമായി ഗുഹയിൽ കഴിയുന്ന 70കാരൻ കോവിഡിനെ കുറിച്ചറിഞ്ഞതോടെ വാക്സിനെടുത്തു
text_fieldsകോവിഡിനെതിരായ ഏറ്റവും മികച്ച പ്രതിരോധ മാർഗങ്ങളിൽ ഒന്നാണ് സാമൂഹിക അകലം. 20 വർഷമായി ദക്ഷിണ സെർബിയയിലെ സ്റ്റാറ പ്ലനിന പർവതത്തിലെ ഒരു ഗുഹയിൽ ഏകാന്ത വാസത്തിലായിരുന്ന പാന്‍റ പെട്രോവിച് കോവിഡിനെ കുറിച്ച് കേട്ടിട്ട് പോലുമില്ലായിരുന്നു. സാമൂഹിക അകലം പാലിച്ച് ഒറ്റപ്പെട്ട് കഴിയുന്ന അദ്ദേഹത്തെ അത് ബാധിക്കുകയുമില്ലായിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം സ്വന്തം നാടായ പിറോറ്റിലെ സൂപ്പർ മാർക്കറ്റിലേക്ക് പോയ വേളയിലാണ് പെട്രോവിച് മഹാമാരിയെ കുറിച്ച് അറിയാനിടയായത്. അതോടെ ഉടൻ പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള ഒരുക്കത്തിലായി ഇദ്ദേഹം. തന്‍റെ ഗുഹയിലേക്ക് വരെ കോറോണ വൈറസ് എത്തിച്ചേരാൻ സാധ്യതയുള്ളതിനാലാണ് താൻ കുത്തിവെപ്പെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനെടുത്തുവെന്ന് മാത്രമല്ല എല്ലാവരോടും ബൂസ്റ്റർ ഡോസ് അടക്കം മൂന്ന് ഡോസ് വാക്സിൻ എടുക്കാൻ അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.
'ഞാൻ നഗരത്തിൽ സ്വതന്ത്രനായിരുന്നില്ല. നിങ്ങളുടെ വഴിയിൽ എപ്പോഴും ആരെങ്കിലും കാണും. ഒന്നുകിൽ നിങ്ങളുടെ ഭാര്യ, അയൽക്കാർ, അല്ലെങ്കിൽ പൊലീസ് എന്നിവരുമായി തർക്കിക്കേണ്ടി വരും. ഇവിടെ ആരും എന്നെ ശല്യപ്പെടുത്തുന്നില്ല' - എന്തുകൊണ്ട് ഗുഹയിൽ ഒറ്റക്ക് താമസിക്കുന്നുവെന്ന ചോദ്യത്തിന് പെട്രോവിച് ഉത്തരം നൽകി.
മൂന്ന് ചെറിയ പാലങ്ങളുടെ നിർമാണ ഫണ്ടിലേക്ക് കൈവശമുണ്ടായിരുന്ന പണമെല്ലാം സംഭാവന ചെയ്താണ് അയാൾ നഗരത്തിൽ നിന്ന് മടങ്ങിയത്. 'പണം ശപിക്കപ്പെട്ടതാണ്, അത് ആളുകളെ നശിപ്പിക്കുന്നു. പണം പോലെ ഒരു മനുഷ്യനെയും നശിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല'- പെട്രോവിച് പറഞ്ഞു.
ഗുഹയിലേക്ക് മാറുന്നതിന് മുമ്പ് 70കാരൻ ഒരു തൊഴിലാളിയായിരുന്നു. തെരുവിൽ നിന്നാണ് അദ്ദേഹം ഭക്ഷണം തേടുന്നത്. പ്രദേശത്തെ തോട്ടിൽ മീൻപിടിക്കലാണ് പ്രധാന വിനോദം. കൂണാണ് കൂടുതലായി കഴിക്കുക. ഗുഹക്കുള്ളിൽ അയാൾക്ക് ഒരു പഴയ തുരുമ്പിച്ച ബാത്ത് ടബുണ്ട്. അത് തന്നെയാണ് ടോയ്‌ലറ്റായും ഉപയോഗിക്കുന്നത്. ഇരിക്കാൻ ബെഞ്ചും കിടന്നുറങ്ങാൻ പുല്ലിന്‍റെ കിടക്കയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.