ട്രംപിന്റെ ഉത്തരവിൽ യെമനിൽ യു.എസ് സേനയുടെ വ്യോമാക്രമണം; 31 മരണം
text_fieldsസനാ: ഹൂതികൾക്കെതിരെ ‘നരകം പെയ്യിക്കുമെന്ന്’ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെ, യെമനിൽ യു.എസ് സൈന്യത്തിന്റെ വൻ വ്യോമാക്രമണം. 31 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗസ്സ മുനമ്പിലേക്കുള്ള സഹായം തടഞ്ഞുള്ള പൂർണ ഉപരോധം നീക്കിയില്ലെങ്കിൽ ചെങ്കടലിൽ ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് നേരെ ആക്രമണം പുനഃരാരംഭിക്കുമെന്ന് യെമനിലെ ഹൂതി സേന ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് കടുത്ത ആക്രമണങ്ങൾ.
മിസൈലുകൾ, റഡാറുകൾ, ഡ്രോണുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ഹൂതി കേന്ദ്രങ്ങൾ യു.എസ് വ്യോമ-നാവിക സേന ആക്രമിച്ചതായി ഒരു യു.എസ് ഉദ്യോഗസ്ഥൻ എ.ബി.സി ന്യൂസിനോട് പറഞ്ഞു. ഹൂതികൾക്കെതിരായ പ്രാരംഭ ആക്രമണം മാത്രമാണിതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വ്യോമാക്രമണങ്ങൾ ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച് ഞായറാഴ്ച രാവിലെ വരെ തുടർന്നുവെന്നും 40തോളം തവണ ബോബിംങ് നടത്തിയെന്നുമാണ് റിപ്പോർട്ട്. ഇവയിൽ ഭൂരിഭാഗവും സനായുടെ വടക്ക് ഭാഗത്തുള്ള സാദ പ്രവിശ്യയിലാണ്. കഹ്സ ജില്ലയിൽ യു.എസ് യുദ്ധവിമാനങ്ങൾ രണ്ട് താമസസമുച്ചയങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 15പേർ കൊല്ലപ്പെട്ടതായും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സനായിൽ കുറഞ്ഞത് എട്ട് ആക്രമണങ്ങൾ നടന്നു.
മാരിബിലെ അൽ മജ്സയും തെക്കൻ യെമനിലെ ധാമറിലെ ആൻസും ഹജ്ജാ പ്രവിശ്യയും ആക്രമണത്തിനിരയായി. ഈ ആക്രമണങ്ങളെ ഹൂതികളുടെ രാഷ്ട്രീയ ബ്യൂറോ സിവിലിയന്മാർക്കെതിരായ കുറ്റകൃത്യങ്ങളെന്ന് അപലപിക്കുകയും അവർക്കെതിരെ പ്രതികാരം ചെയ്യുമെന്നും ഫലസ്തീൻ ജനതക്കൊപ്പം നിലകൊള്ളുമെന്നും ആവർത്തിച്ചു.
ഗസ്സയിലെ ഇസ്രായേൽ ഉപരോധം ഇപ്പോൾ ഇത് മൂന്നാം ആഴ്ചയിലേക്ക് കടക്കുകയാണ്. ഇസ്രായേൽ നിലപാടു മൂലം രണ്ടാംഘട്ട വെടി നിർത്തൽ ചർച്ചകൾ സ്തംഭിച്ചിരിക്കുകയാണ്.
ഹൂതികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ‘അവർ അമേരിക്കൻ കപ്പലുകൾക്കും മറ്റ് കപ്പലുകൾക്കും വിമാനങ്ങൾക്കുമെതിരെ ആക്രമണം നടത്തിയിട്ടുണ്ട്. ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ ഞങ്ങൾ അതിശക്തമായ ആക്രമണം നടത്തിക്കൊണ്ടേയിരിക്കും. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ വാണിജ്യ, നാവിക കപ്പലുകളെ തടയാൻ ഒരു തീവ്രവാദ ശക്തിക്കും കഴിയില്ല’- ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.