സമാധാനപ്രമേയത്തെ എതിർത്തതിന് പിന്നാലെ ഫലസ്തീനികൾക്കായി യു.എന്നിലെ യു.എസ് അംബാസിഡർ
text_fieldsവാഷിങ്ടൺ: ഫലസ്തീൻ പൗരൻമാരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്നിലെ യു.എസ് അംബാസിഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ്. അൽ ജസീറ ഗസ്സ ബ്യൂറോ മേധാവി വാഇൽ അൽ ദഹ്ദൂഹിന്റെ കുടുംബം ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതും പരാമർശിച്ചാണ് അവരുടെ സമൂഹമാധ്യമ പോസ്റ്റ്. യുദ്ധത്തിന് വിരാമം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്നിൽ കൊണ്ടുവന്ന പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ട്വീറ്റ്.
നിരപരാധികളായ ഫലസ്തീനികളെ സംരക്ഷിക്കണം. യു.എൻ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെ സംരക്ഷിക്കണം. ഈ പ്രതിസന്ധിയിൽ നിരപരാധിയായ ഒരാളുടെ ജീവൻ പോലും നഷ്ടപ്പെടരുതെന്നും ലിൻഡ തോമസ് എക്സിൽ കുറിച്ചു.
ഗസ്സയിൽ ഇസ്രായേൽ നരനായാട്ടിനിടെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്നിൽ കൊണ്ടുവന്ന പ്രമേയത്തിനെതിരെ യു.എസ് വോട്ട് ചെയ്തിരുന്നു. 120 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 14 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. 45 അംഗരാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
ഫലസ്തീൻ പൗരൻമാർക്ക് എത്രയും പെട്ടെന്ന് സുരക്ഷയൊരുക്കണമെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്. ഗസ്സക്ക് മാനുഷിക സഹായം നൽകണമെന്നും മനുഷ്യാവകാശ പ്രവർത്തകർക്ക് പ്രദേശത്തേക്ക് എത്താനുള്ള സൗകര്യമൊരുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. വടക്കൻ ഗസ്സയിൽ നിന്നും തെക്ക് ഭാഗത്ത് ആളുകളോട് മാറാൻ ആവശ്യപ്പെട്ടുള്ള ഇസ്രായേലിന്റെ നിർദേശം പിൻവലിക്കണം. നിർബന്ധപൂർവം ഫലസ്തീനികളെ വടക്കൻ ഗസ്സയിൽ നിന്നും മാറ്റരുതെന്നും പ്രമേയം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.