‘അവനെന്റെ കണ്ണിലേക്കു നോക്കി, കരഞ്ഞുപോയി’
text_fieldsഅഫ്രീൻ (സിറിയ): ‘‘അവന്റെ നോട്ടം എന്റെ കണ്ണുകളിലേക്കായിരുന്നു. എന്താണെന്നറിയില്ല, ഞാൻ പൊട്ടിക്കരഞ്ഞുപോയി. അവന്റെ നോട്ടത്തിൽ ഞങ്ങളെ വിശ്വസിക്കുന്നതായി തോന്നി. സുരക്ഷിത കരങ്ങളിലാണെന്ന പ്രതീക്ഷയും അവനുണ്ടായി’’ -ഡോ. അഹ്മദ് അൽ മിസ്രിയുടെ വാക്കുകളാണിത്.
ഭൂകമ്പത്തിൽ തകർന്ന വീട്ടിൽ നിന്ന് 30 മണിക്കൂറിനുശേഷം രക്ഷിച്ച മുഹമ്മദ് എന്ന ഏഴുവയസ്സുകാരനെ ചികിത്സിച്ച അനുഭവമാണ് ഡോ. അഹ്മദ് പങ്കുവെച്ചത്. തിങ്കളാഴ്ച പുലർച്ചയുണ്ടായ ഭൂകമ്പത്തിൽ പരിക്കേറ്റ നൂറുകണക്കിന് പേരെ ചികിത്സിച്ച ഡോ. അഹ്മദ് ഇത്തരം നൂറുകണക്കിന് സംഭവങ്ങളിലൂടെയാണ് കടന്നുപോയത്.
വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പിതാവിന്റെ മൃതദേഹത്തിന്റെ അടിയിലായിരുന്നു അവൻ കിടന്നിരുന്നതെന്ന് ഡോ. അഹ്മദ് പറഞ്ഞു. ‘‘വലിയ കരുത്തുള്ള കുട്ടിയാണ് അവൻ. പരിക്കുകളുടെ വേദനകൾ സഹിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം കണ്ടപ്പോൾ തന്നെ അറിയുമോയെന്ന് മുഹമ്മദിനോട് ചോദിച്ചു.
ഡോക്ടർ, താങ്കളാണ് എന്റെ ജീവൻ രക്ഷിച്ചത് എന്നായിരുന്നു മറുപടി’’ -ഡോ. അഹ്മദ് പറഞ്ഞു. മുഹമ്മദിന്റെ മാതാപിതാക്കളടക്കം അടുത്ത ബന്ധുക്കൾ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടിരുന്നു.
വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ സിറിയയിലെ അഫ്രീൻ പട്ടണത്തിലെ അൽശിഫ ആശുപത്രിയിലെ റെസിഡന്റ് സർജനാണ് ഡോ. അഹ്മദ്. തിങ്കളാഴ്ച പുലർച്ച ഭൂകമ്പമുണ്ടായി മണിക്കൂറുകൾക്കകം 200ലധികം പേരാണ് പരിക്കുകളുമായി രണ്ടു ഡോക്ടർമാർ മാത്രമുള്ള ഈ ആശുപത്രിയിലേക്ക് എത്തിയത്.
പരിമിത സൗകര്യങ്ങളിൽ പരമാവധി പേരുടെ ജീവൻ രക്ഷിക്കാനും വേദന കുറക്കാനുമുള്ള ശ്രമങ്ങളിലായിരുന്നു അവർ. ഒരു ഡോക്ടറെന്ന നിലയിൽ ഏറ്റവും മോശം അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. മരുന്നുകളുടെയും സൗകര്യങ്ങളുടെയും അപര്യാപ്തതമൂലം വേദന കൊണ്ട് കരയുന്ന രോഗികളെ നോക്കിനിൽക്കേണ്ട അവസ്ഥ ദാരുണമായിരുന്നെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഭൂകമ്പത്തിന്റെ ആദ്യ മണിക്കൂറുകളിൽ രോഗികളെ കൊണ്ടുവരുമ്പോൾ പരിക്കിനൊപ്പം പ്രിയപ്പെട്ടവരാണോ എന്നുകൂടി നോക്കേണ്ട അവസ്ഥയിലായിരുന്നു. വൈദ്യുതിയും ഇന്റർനെറ്റ് സേവനവും നഷ്ടപ്പെട്ടതിനാൽ ആശുപത്രിക്ക് ഏതാനും മീറ്റർ അകലെ താമസിച്ചിരുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ തുർക്കിയിലെ ഗാസിയൻടെപിനു സമീപം താമസിച്ചിരുന്ന ഭാര്യയെയും മക്കളെയുംകുറിച്ച് വിവരം ലഭിച്ചിരുന്നില്ല.
ഇവരെക്കുറിച്ച ആശങ്കകൾക്കിടെയായിരുന്നു രോഗികളെ നോക്കിയത്. മണിക്കൂറുകൾക്കുശേഷം സഹോദരൻ ആശുപത്രിയിലേക്ക് എത്തിയാണ് കുടുംബത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.