റഷ്യക്ക് സഹായം: 15 ഇന്ത്യൻ കമ്പനികൾക്ക് യു.എസ് ഉപരോധം
text_fieldsവാഷിങ്ടൺ: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് സഹായം നൽകിയെന്നാരോപിച്ച് 15 ഇന്ത്യൻ കമ്പനികൾക്കും രണ്ട് പൗരന്മാർക്കും യു.എസ് ഉപരോധം ഏർപ്പെടുത്തി. ഈ സ്ഥാപനങ്ങൾ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ അവശ്യമായ സാങ്കേതിക വിദ്യയും സാധനങ്ങളും റഷ്യക്ക് നൽകിയെന്നാണ് യു.എസ് ആരോപിക്കുന്നത്. സിഖ് നേതാവ് ഗുർപത്വന്ത് സിങ് പന്നൂവിന്റെ വധത്തിൽ ഇന്ത്യൻ പൗരന് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ യു.എസും ഇന്ത്യയും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. റഷ്യക്ക് സഹായം നൽകിയെന്നാരോപിച്ച് ആഗോളതലത്തിൽ 400 സ്ഥാപനങ്ങളെയും വ്യക്തികളെയും യു.എസ് ഉപരോധപ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടായത്.
ഇന്ത്യക്കൊപ്പം ചൈന, മലേഷ്യ, തായ്ലൻഡ്, തുർക്കിയ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും സ്ഥാപനങ്ങളെയും യു.എസ് ലക്ഷ്യമിട്ടിട്ടുണ്ട്. റഷ്യക്ക് ആയുധങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൈമാറിയതിനാണ് പ്രധാനമായും കമ്പനികൾക്കെതിരെ നടപടി. റഷ്യക്ക് സൈനിക സഹായം ലഭിക്കുന്ന എല്ലാവഴികളും തടയുമെന്നാണ് യു.എസ് നയം.
അസന്റ് ഏവിയേഷൻ ഇന്ത്യ, മാസ്ക് ട്രാൻസ്, ടി.എസ്.എം.ഡി ഗ്ലോബൽ ആൻഡ് ഫുട്രേവോ,എസ്.ഐ2 മൈക്രോസിസ്റ്റംസ് എന്നിവയാണ് ഉപരോധപ്പട്ടികയിലുള്ള പ്രധാന ഇന്ത്യൻ കമ്പനികൾ. ഏതാണ്ട് 200,000 ഡോളർ മൂല്യമുള്ള യു.എസ് നിർമിത എയർക്രാഫ്റ്റ് ഭാഗങ്ങൾ 2023 മാർച്ചിനും 2024 മാർച്ചിനും ഇടയിലായി അസന്റ് ഏവിയേഷൻ ഇന്ത്യ റഷ്യൻ കമ്പനികൾക്ക് കൈമാറിയെന്നാണ് ആരോപണം. 2023 ജൂണിനും 2024 ഏപ്രിലിനുമിടയിൽ മൂന്ന് ലക്ഷം ഡോളറിന്റെ വ്യോമയാന ഘടകങ്ങൾ റഷ്യയുടെ എസ്7 എൻജിനീയറിങ് എൽ.എൽ.സിക്ക് നൽകിയെന്നാണ് മാസ്ക് ട്രാൻസിനെതിരായ കണ്ടെത്തൽ. മൈക്രോ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രോസസറുകളും റഷ്യൻ കമ്പനികൾക്ക് നൽകിയെന്നാണ് ടി.എസ്.എം.ഡിക്കെതിരായ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.