മ്യാന്മറിൽ സൈന്യത്തിന്റെ വ്യോമാക്രമണം; 80 മരണം
text_fieldsയാംഗോൻ: മ്യാന്മറിൽ വംശീയ ന്യൂനപക്ഷമായ കച്ചിൻ വിഭാഗത്തിന്റെ രാഷ്ട്രീയ സംഘടനയുടെ വാർഷികാഘോഷത്തിനുനേരെ മ്യാന്മർ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് 'കച്ചിൻ ഇൻഡിപെൻഡന്റ് ഓർഗനൈസേഷനു'മായി ബന്ധപ്പെട്ടവർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഗായകരും സംഗീതജ്ഞരും ഉൾപ്പെടും.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സൈന്യം അധികാരം പിടിച്ചശേഷം നടത്തിയ ആക്രമണങ്ങളിൽ ഏറ്റവുമധികം പേർക്ക് ജീവഹാനിയുണ്ടായ സംഭവമാണിത്. ആദ്യം 60 പേർ കൊല്ലപ്പെട്ടെന്നായിരുന്നു വിവരം. കർശന മാധ്യമവിലക്കുള്ള മ്യാന്മറിൽ ആക്രമണം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരാത്ത സ്ഥിതിയാണ്.
കച്ചിൻ ഗ്രൂപ്പിന്റെ ഭീകരത സ്വഭാവമുള്ള നടപടികളോടുള്ള പ്രതികരണമാണ് ആക്രമണമെന്ന് സൈനിക സർക്കാർ ന്യായീകരിച്ചു. വലിയ തോതിലുള്ള മരണസംഖ്യ വ്യാജവാർത്തയാണെന്നാണ് സർക്കാർ പക്ഷം. സംഗീത പരിപാടിയിൽ ബോംബാക്രമണം നടത്തിയെന്നതും അവർ നിഷേധിച്ചു. സംഭവത്തിൽ യു.എൻ പ്രതിഷേധിച്ചു. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
സൈനിക ഭരണകൂടത്തിന് സിവിലിയന്മാരുടെ കാര്യങ്ങളിൽ ബാധ്യതയില്ലെന്ന നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മ്യാന്മറിലെ പടിഞ്ഞാറൻ രാജ്യങ്ങളുടെ എംബസികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഭരണകൂടം അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മ്യാന്മറിലെ ഏറ്റവും ശക്തരായ വംശീയ ന്യൂനപക്ഷ വിമത ഗ്രൂപ്പുകളിലൊന്നാണ് 'കച്ചിൻ ഇൻഡിപെൻഡന്റ് ഓർഗനൈസേഷൻ'. ഇവർക്ക് സ്വന്തമായി ആയുധം നിർമിക്കാനുള്ള സംവിധാനങ്ങളുണ്ട്.
സൈനിക ഭരണത്തിനെതിരായ പ്രാദേശിക സായുധസംഘങ്ങളുമായും ഇവർക്ക് ബന്ധമുണ്ട്. കച്ചിൻ സ്വതന്ത്ര സംഘടനയുടെ 62ാം വാർഷികാഘോഷമായിരുന്നു ഞായറാഴ്ച സംഗീത പരിപാടിയോടെ നടന്നത്. സംഘടനയുടെ സൈനിക വിഭാഗത്തിന് പരിശീലനം നൽകുന്ന ഹപകാന്റ് മേഖലയിലായിരുന്നു ആഘോഷം. യാംഗോനിന് 950 കിലോമീറ്റർ വടക്കാണ് ഈ പർവതപ്രദേശം. 'ജെയ്ഡ്' ഇനത്തിൽപെട്ട കല്ലുകൾ ലോകത്ത് ഏറ്റവുമധികം ഖനനം ചെയ്യുന്ന പ്രദേശം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.