ഗസ്സയിലെ സ്കൂളിൽ വ്യോമാക്രമണം; എട്ട് മരണം
text_fieldsജറൂസലം: ഉത്തര ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും അടക്കമാണ് കൊല്ലപ്പെട്ടത്. കമൽ അദ്വാൻ ആശുപത്രിയുടെ സമീപം അൽ അലാമിയിലെ ഫലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെ ഞായറാഴ്ച പുലർച്ചയായിരുന്നു ആക്രമണം. സിവിൽ ഡിഫൻസ് ഉത്തര ഗസ്സ ഡയറക്ടർ മുഹമ്മദ് മോർസിയുടെ വീട് ലക്ഷ്യമിട്ടും അധിനിവേശസേന ആക്രമണം നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി വീടുകൾ തകർന്നു. മിസൈലുകൾ പതിച്ച് പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി. ആക്രമണങ്ങളെക്കുറിച്ച് സൈന്യം പ്രതികരിച്ചിട്ടില്ല. 11 മാസമായി ഗസ്സയിൽ തുടരുന്ന ഇസ്രായേൽ നരഹത്യയിൽ 40,972 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 94,761 പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, ജോർഡൻ-വെസ്റ്റ് ബാങ്ക് അതിർത്തിയിലുണ്ടായ വെടിവെപ്പിൽ മൂന്ന് ഇസ്രായേലികൾ കൊല്ലപ്പെട്ടു. ജോർഡൻ ഭാഗത്തുനിന്ന് ട്രക്കിൽ എത്തിയ തോക്കുധാരി അലൻബി പാലത്തിൽ സുരക്ഷ സേനക്കുനേരെ വെടിയുതിർക്കുകയായിരുന്നെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. സ്വകാര്യ സുരക്ഷ ഗാർഡുകളാണ് കൊല്ലപ്പെട്ടത്. വെടിവെപ്പ് സംബന്ധിച്ച് ജോർഡൻ പ്രതികരിച്ചിട്ടില്ല. ഇസ്രായേലികളും ഫലസ്തീനികളും അന്താരാഷ്ട്ര യാത്രക്കാരും ഉപയോഗിക്കുന്നതാണ് ജോർഡൻ നദിക്ക് കുറുകെയുള്ള അലൻബി പാലം. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെറിക്കോയുമായും ജോർഡനിലെ അൽ കരാമെ പട്ടണവുമായും ബന്ധിപ്പിക്കുന്ന പാലമാണിത്. സംഭവത്തെതുടർന്ന് ജോർഡൻ അതിർത്തി ഇസ്രായേൽ അടച്ചു. രണ്ട് ദിവസത്തിനിടെ വെസ്റ്റ് ബാങ്കിൽ 35 ഫലസ്തീനികളെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഒരു സ്ത്രീയും ഉൾപ്പെടും.
അതിനിടെ, ബന്ദി മോചനം ആവശ്യപ്പെട്ട് തലസ്ഥാനമായ തെൽ അവീവിലടക്കം ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. 7.50 ലക്ഷം പേർ പ്രതിഷേധത്തിൽ പങ്കെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദികളെ ജീവനോടെ തിരിച്ചെത്തിക്കാൻ ഇസ്രായേൽ വെടിനിർത്തൽ കരാറിൽ ഒപ്പിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.