ഗസ്സയിൽ 'അൽ ജസീറ'യടക്കം മാധ്യമ ഓഫിസുകൾ ഇസ്രയേൽ തകർത്തു; മരണം 140 ആയി -VIDEO
text_fieldsജറൂസലം: അൽ ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ ബഹുനില കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തു. കെട്ടിടം നാമാവശേഷമാക്കിയതായി 'അൽജസീറ' റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിൽ നിരവധി അപ്പാർട്ടുമെന്‍റുകളും മറ്റ് ഓഫിസുകളും ഉണ്ടായിരുന്നു. ഇവിടെ ഏതാനും കുടുംബങ്ങളും താമസിച്ചിരുന്നു.
ആക്രമണത്തിൽ ആളപായമുണ്ടോയെന്നത് വ്യക്തമല്ല. രൂക്ഷമായ വ്യോമാക്രമണത്തിൽ കെട്ടിടം നിലംപതിച്ച് പൊടിയും അവശിഷ്ടങ്ങളും പ്രദേശത്ത് പരന്നു. ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് കെട്ടിടത്തിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി 'അൽ ജസീറ' റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ, ഇസ്രായേൽ തിങ്കളാഴ്ച തുടങ്ങിയ നരനായാട്ടിൽ ഇതുവരെ 39 കുട്ടികളും 22 സ്ത്രീകളും ഉൾപ്പെടെ 140 പേർ കൊല്ലപ്പെട്ടു. ഹമാസിന്‍റെ തിരിച്ചടിയിൽ മലയാളി ഉൾപ്പെടെ എട്ട് പേർ ഇസ്രായേലിൽ കൊല്ലപ്പെട്ടു.
പശ്ചിമ ഗസ്സയിലെ ഷാതി അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. എട്ടുകുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.
20 പേരെങ്കിലും കുടുങ്ങിക്കിടക്കുന്ന കെട്ടിടത്തിൽനിന്ന് ആരെയെങ്കിലും ജീവനോടെ ര ക്ഷപ്പെടുത്താനാകുമെന്ന് പ്രതീക്ഷയില്ല. ശനിയാഴ്ച പുലർച്ചെ തുടർച്ചയായ അഞ്ചു ബോംബുകൾ വർഷിച്ചാണ് അഭയാർഥി ക്യാമ്പ് ചാരമാക്കിയത്.
കര, നാവിക, വ്യോമ സേനകളെ ഉപയോഗിച്ച് ഇസ്രായേൽ ആക്രമണം കനപ്പിച്ചതോടെ ഗസ്സയിൽ കൂട്ട പലായനം തുടരുകയാണ്. 10,000 ലേറെ കുടുംബങ്ങൾ അഭയംതേടി പലായനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ഫലസ്തീൻ പ്രവിശ്യയിൽ 160 ഓളം വിമാനങ്ങൾ ഉപയോഗിച്ച് വ്യോമാക്രമണം ശക്തമാക്കിയതായി ഇസ്രായേൽ അറിയിച്ചു. ടാങ്കുകളും പീരങ്കികളും കരയിൽനിന്നും യുദ്ധക്കപ്പലുകൾ വഴി കടലിൽനിന്നും ആക്രമണം തുടരുകയാണ്. വടക്കൻ ഗസ്സയിലാണ് ഇസ്രായേലി ബോംബറുകൾ ഏറ്റവും കൂടുതൽ നാശം വിതക്കുന്നത്.
യു.എന്നും വിവിധ രാജ്യങ്ങളും െവടിനിർത്തൽ ആവശ്യമുയർത്തിയിട്ടും ആക്രമണം തുടരുമെന്ന നിലപാടിലാണ് ഇസ്രായേൽ. സമാധാനം പുനഃസ്ഥാപിക്കുംവരെ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു.
ഗസ്സക്കു നേരെ തുടരുന്ന ഭീകരതയിൽ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കു നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഇവിടെ 1,334 പേർക്ക് വിവിധ സംഭവങ്ങളിലായി പരിക്കേറ്റതായും റെഡ്ക്രസന്റ് അറിയിച്ചു.
ലബനാൻ അതിർത്തി പ്രദേശത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഒരാളെ കൂടി ഇസ്രായേൽ പൊലീസ് വെടിവെച്ചുകൊന്നു. ഇവിടെ ഇതോെട മരണം രണ്ടായി. അതിനിടെ, ഇസ്രായേൽ കുടിയൊഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കിഴക്കൻ ജറൂസലം പ്രദേശമായ ശൈഖ് ജർറാഹിൽ അറസ്റ്റ് തുടരുകയാണ്.
എന്നാൽ, ഇസ്രായേൽ പ്രദേശമായ അഷ്ദോദ് ലക്ഷ്യമിട്ട് ശനിയാഴ്ചയും ഹമാസ് റോക്കറ്റുകൾ വിക്ഷേപിച്ചു. നിരവധി പേരുടെ മരണത്തിനിടയാക്കിയ ഷാതി അഭയാർഥി ക്യാമ്പിൽ ബോംബു വർഷിച്ചതിൽ പ്രതിഷേധിച്ചാണ് റോക്കറ്റാക്രമണമെന്ന് ഹമാസ് അറിയിച്ചു.
The 11-storey residential building called Al-Jalaa has now collapsed. pic.twitter.com/VUFxxJCuW3
— Arwa Ibrahim (@arwaib) May 15, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.