അൽ ഖാഇദ തലവൻ അയ്മാൻ അൽ സവാഹിരിയെ വധിച്ചതായി യു.എസ്
text_fieldsകാബൂൾ: അൽ ഖാഇദ തലവൻ അയ്മാൻ അൽ സവാഹിരിയെ വധിച്ചതായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. ഞായറാഴ്ച കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സവാഹിരിയെ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന്‍റെ ആസൂത്രകരിലൊരാൾ സവാഹിരിയാണെന്നാണ് കരുതുന്നത്.
അൽ ഖാഇദ തലവനെ അമേരിക്കൻ സേന വധിച്ചെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പ്രസിഡന്റ് ജോ ബൈഡൻ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് മാധ്യമങ്ങളെ കണ്ടത്. തീവ്രവാദത്തിനെതിരെ തങ്ങൾ നടത്തിയ പോരാട്ടം വിജയം കണ്ടെന്ന ആമുഖത്തോടെയാണ് അയ്മാൻ അൽ സവാഹിരിയെ വധിച്ച കാര്യം ബൈഡൻ ലോകത്തോട് പറഞ്ഞത്.
അമേരിക്കക്കും പൗരൻമാർക്കും നേരെ നിരന്തരം അക്രമം അഴിച്ചുവിട്ട തീവ്രവാദി നേതാവ് ഇനിയില്ലെന്നും എവിടെ പോയി ഒളിച്ചാലും ഇത്തരം തീവ്രവാദികളെ തങ്ങൾ ഇല്ലാതാക്കുമെന്നും ബൈഡൻ പറഞ്ഞു.
ഒരു വർഷം മുമ്പ് തന്നെ സവാഹിരി ഒളിച്ച് താമസിക്കുന്ന സ്ഥലം കണ്ടെത്തുകയും ഓരോ നീക്കങ്ങളും അടുത്തറിയുകയും ചെയ്തതിന് തുടർച്ചയായി ഒരാഴ്ച മുമ്പാണ് അമേരിക്കൻ സേന ഓപ്പറേഷൻ തുടങ്ങിയത്. ഞായറാഴ്ച വൈകീട്ട് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നടന്ന ഡ്രോൺ ആക്രമണത്തിലാണ് സി.ഐ.എ അൽ ഖാഇദ തലവനെ കൊലപ്പെടുത്തിയത്.
ഈജിപ്ഷ്യൻ പൗരനായ സവാഹിരി യു.എസ് തേടികൊണ്ടിരുന്ന പ്രധാന തീവ്രവാദികളിൽ ഒരാളായിരുന്നു. ഉസാമാ ബിൻ ലാദന് ശേഷം 2011 മുതലാണ് അയ്മാൻ അൽ സവാഹിരി അൽ ഖാഇദ തലവനായത്. ബിൻലാദന്റെ വധത്തിന് ശേഷം സവാഹിരിയുടെ വധം അൽ ഖാഇദ ഗ്രൂപ്പിനേൽക്കുന്ന കനത്ത പ്രഹരമാണ്. സവാഹിരിയെ പിടികൂടുന്നതിനായി വിവരം നൽകുന്നവർക്ക് 25 മില്യൺ ഡോളർ സമ്മാനമായി നൽകുമെന്ന് യു.എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2021ലെ യു.എൻ റിപ്പോർട്ട് അനുസരിച്ച് പാക്- അഫ്ഗാൻ അതിർത്തിയിൽ സവാഹിരിയുണ്ടെന്ന വിവരവും അമേരിക്കയുടെ ഓപ്പറേഷനിൽ നിർണായകമായിരുന്നു. 71-കാരനായ സവാഹിരി ബിൻ ലാദന്റെ പേഴ്‌സണൽ ഡോക്ടറായാണ് ഒപ്പം ചേർന്നത്. അതേസമയം വാരാന്ത്യത്തിൽ അമേരിക്ക അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണം നടത്തിയതായി താലിബാൻ മുഖ്യ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. യു.എസ് നടപടി അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണെന്നും ഇത് 2020ലെ യു.എസ് സൈനിക പിൻവലിക്കൽ കരാറിന് വിരുദ്ധമാണെന്നും മുജാഹിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.