കൊലപ്പുള്ളിയുമായി ജയിൽ ചാടി; പിടിയിലായപ്പോൾ ഓഫിസർ സ്വയം വെടിവെച്ചു മരിച്ചു
text_fieldsവാഷിങ്ടൺ: കൊലക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവരുകയായിരുന്ന യുവാവുമൊത്ത് ഒളിച്ചോടിയ ജയിൽ ഓഫിസർ, പിടിയിലായപ്പോൾ സ്വയം വെടിവെച്ചുമരിച്ചു. യു.എസിലെ അലബാമ ജയിലിൽനിന്നാണ് വിരമിക്കലിന്റെ തലേന്ന് 58കാരിയായ വിക്കി വൈറ്റ് എന്ന ഓഫിസർ ഒളിച്ചോടിയത്.
ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഇരുവരെയും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത ഉടനാണ് വിക്കി സ്വയം വെടിവെച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. വിരമിക്കുന്നതിന്റെ തലേ ദിവസം ഏപ്രിൽ 29ന് മാനസിക പരിശോധനക്കെന്ന പേരിൽ ഔദ്യോഗിക വാഹനത്തിലാണ് വിക്കി പ്രതിയുമായി കടന്നത്. സംഭവത്തിനുമുമ്പ് ഇവർ സ്വന്തം വീട് വിൽപന നടത്തിയിരുന്നതായി കണ്ടെത്തി. കടൽതീരത്തൊരിടത്തേക്ക് താമസം മാറുകയാണെന്നും ഇവർ അറിയിച്ചിരുന്നു.
കാണാതായി ദിവസങ്ങൾ കഴിഞ്ഞ്, കഴിഞ്ഞ ദിവസമാണ് ഇന്ത്യാനയിലെ ഇവാൻസ്വിലയിൽനിന്ന് ഇവരുടെ വാഹനം പൊലീസ് പിന്തുടർന്നത്. ഇടിച്ചുനിർത്തിയതോടെ പ്രതി കീഴടങ്ങിയെങ്കിലും ഉദ്യോഗസ്ഥ സ്വയം വെടിവെക്കുകയായിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് കരുതുന്നു. കൊലക്കുറ്റത്തിന് 75 വർഷം ജയിൽശിക്ഷ അനുഭവിച്ചുവരുകയായിരുന്നു കാസി വൈറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.