കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക്; മരണം 3000 കടന്നു
text_fieldsബെയ്ജിങ്: ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കടന്നു. ചൈനയിൽ മാത്രം 2912 പേരാണ് മരിച്ചത്. ഞായറാഴ്ച ചൈനയിൽ 42 പേരാണ് മരിച്ചത്. പുതുതായി 202 പേർക്ക് വൈറസ് ബാധ കണ്ടെത്തുകയും ചെയ്തു. ഹുബൈ പ്രവിശ്യയിലാണ് ഏറ്റവുമധികം മരണമെന്ന് ചൈനീസ് നാഷനൽ ഹെൽത്ത് കമീഷൻ അറിയിച്ചു.
ഇറാനിൽ 54 മരണം
ചൈനക്ക് പുറത്ത് കൊറോണ വ്യാപകമായി പടർന്നുപിടിച്ച ഇറാനിൽ ഞായറാഴ്ച 11 പേർ കൂടി മരിച്ചു. ഇതുവരെ 54 പേരാണ് ഇറാനിൽ മാത്രം മരിച്ചത്.
ഇറ്റലിയിൽ കൊറോണ ബാധിതരുടെ എണ്ണം 1694 ആയി. ഫ്രാൻസിൽ130 പേർക്കും വൈറസ് ബാധ റിപ്പോർട്ട് ചെയ്തു.
ചെക് റിപ്പബ്ലിക്, സ്കോട്ട്ലൻഡ്, ഡൊമിനികൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ കോവിഡ് 19 കണ്ടെത്തി. അൾജീരിയയിൽ പുതുതായി രണ്ടുപേർക്ക് വൈറസ് ബാധ കണ്ടെത്തിയതായി അൾജീരിയൻ ആരോഗ്യ വിഭാഗം അറിയിച്ചു.
യു.എസിൽ രണ്ടാമത്തെ മരണം
വാഷിങ്ടണിൽ കൊറോണ ബാധിച്ച രണ്ടാമത്തെയാളും മരിച്ചു. കഴിഞ്ഞ ദിവസം ഒരാൾ രാജ്യത്ത് മരിച്ചിരുന്നു. നേരത്തേ രണ്ടുപേർക്ക് കൊറോണ റിപ്പോർട്ട് ചെയ്ത നഴ്സിങ് ഹോമിലെ 70 കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ന്യൂയോർക്കിലും കൊറോണ
ന്യൂയോർക്കിൽ ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ അറിയിച്ചു. ഇറാനിൽനിന്നും രാജ്യത്തെത്തിയ വ്യക്തിക്കാണ് കൊറോണ ബാധ കണ്ടെത്തിയത്. രാജ്യത്ത് ആശങ്കെപ്പടേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്നും ഗവർണർ അറിയിച്ചു.
ദക്ഷിണകൊറിയയിൽ പുതുതായി 476 പേർക്ക്
ദക്ഷിണകൊറിയയിൽ പുതുതായി 476 േപർക്ക് കൊറോണ ബാധ റിപ്പോർട്ട് ചെയ്തു. നാലുപേർ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തു. ഇതുവരെ ദക്ഷിണ കൊറിയയിൽ 22 പേരാണ് കൊറോണ മൂലം മരിച്ചത്. 4212 പേർക്ക് രോഗം കണ്ടെത്തുകയും ചെയ്തു.
ഈജിപ്തിൽ രണ്ടാമതൊരാൾക്ക് കൂടി
ഈജിപ്തിൽ വിദേശിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായി ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശിയെ ഈജിപ്ഷ്യൻ ഐസോലേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയാളുടെ രാജ്യമേതെന്ന് വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.