അലി താസെ മരണവാർത്തകൾ അറിയിച്ചുകൊണ്ടേയിരിക്കുന്നു...
text_fields‘‘കഴിഞ്ഞ രാത്രി ഞങ്ങളനുഭവിച്ച, ഒരിക്കലും മനസ്സിൽനിന്ന് മാഞ്ഞുപോകാത്ത അനുഭവം മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. ഞാനും കുടുംബവും ഇപ്പോള്‍ യാത്രയിലാണ്. നഗരപ്രദേശത്തുള്ളവരെല്ലാം ഗ്രാമങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. എന്റെ സഹോദരിയുടെ വീട് ഗ്രാമത്തിലാണ്. ഞങ്ങളങ്ങോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്’’ -ദിയര്ബകറിലുള്ള സുഹൃത്ത് ഇബ്രാഹിം ബാഷർ പറഞ്ഞതിങ്ങനെയായിരുന്നു.
‘‘വെളുപ്പിന് നാലിന് വെള്ളം കുടിക്കാൻ ഉറക്കമുണര്ന്നതായിരുന്നു ഞാന്‍. അപ്പോഴാണ് ആദ്യത്തെ കുലുക്കം സംഭവിക്കുന്നത്. ഞാനും കുടുംബവും നടുങ്ങി വിറച്ചുപോയി. രണ്ടുതവണയായി കുലുക്കമുണ്ടായി. ആദ്യത്തേത് അത്ര ശക്തിയുള്ളതായിരുന്നില്ല. രണ്ടാംതവണത്തെ കുലുക്കം ഞങ്ങളുടെ കെട്ടിടത്തെ ശക്തിയായി വിറപ്പിച്ചു.
ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂമികുലുക്കത്തിനാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചതെന്ന് ടി.വിയിലൂടെ അറിഞ്ഞു. അല്ലാഹുവിന് സ്തുതി, ഞാനും കുടുംബവും സുരക്ഷിതമായിരിക്കുന്നു. ഞങ്ങളുടെ കെട്ടിടത്തിനും കാര്യമായ കേടുപാടുകളില്ല’’ -ഇബ്രാഹിം ബാഷര്‍ പറഞ്ഞു.
തുര്‍ക്കിയയിലെയും സിറിയയിലെയും ഭൂകമ്പ വാര്‍ത്തകള്‍ രണ്ടു ദിവസമായി ലോകത്തെ സങ്കടത്തിലാക്കിയിരിക്കുകയാണ്. തുര്‍ക്കിയയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളും സിറിയയുടെ വടക്കന്‍ ഭാഗങ്ങളും മരണത്താഴ്വരയായിരിക്കുന്നു.
തുര്‍ക്കിയയുടെ തെക്കന്‍ മേഖലയിലെ അദാന, ദിയര്ബകര്, ഹതായ്, കഹ്റമാന്‍ മാരാഷ് നഗരങ്ങളെ ഭൂകമ്പം കീഴ്മേൽ മറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ വീടകങ്ങളില്‍ സമാധാനത്തോടെ കഴിഞ്ഞിരുന്ന പലരും ഇന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നു.
ജര്‍മനിയില്‍ താമസിക്കുന്ന തുര്‍ക്കിയ വംശജനായ വിദ്യാര്‍ഥി മുഹമ്മദ് അലി താസെ പങ്കുവെച്ചത് തികച്ചും ദുഃഖകരമായ വര്‍ത്തമാനമാണ്. മുഹമ്മദ് അലിയുടെ കുടുംബം ഭൂകമ്പം ഏറെ ബാധിച്ച ഹതായിലാണ്. ‘‘ഹതായിലെ അവസ്ഥ വളരെ മോശമാണ്. എന്റെ നാട് മുഴുവന്‍ മണ്ണിനടിയിലായി.
എനിക്ക് ബന്ധുക്കളെയെല്ലാം നഷ്ടമായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്നവര്‍ക്ക് ജീവനുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ക്കറിയില്ല. എന്റെ ചില ബന്ധുക്കൾ കാറിനുള്ളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിയിരിക്കുകയാണ്...’’
മണിക്കൂറുകൾക്കുശേഷം മുഹമ്മദ് അലി ക്ലാസ് ഗ്രൂപ്പില്‍ വീണ്ടും സന്ദേശമയച്ചു. ‘‘സുഹൃത്തുക്കളേ, വീണ്ടും ഒരു മരണവാര്‍ത്തകൂടി എന്നെത്തേടി വന്നിരിക്കുകയാണ്. ദുരന്തത്തില്‍ മരണപ്പെട്ടവരും പരിക്കേറ്റവരും കാണാതായവരുമായ ബന്ധുമിത്രാദികള്‍ ഒട്ടേറെയുണ്ട്. തീര്‍ച്ചയായും നിങ്ങള്‍ പ്രാര്‍ഥിക്കണേ...’’
മുഹമ്മദ് അലി വീണ്ടും വീണ്ടും ഗ്രൂപ്പില്‍ മരണവാര്‍ത്തകള്‍ അറിയിച്ചുകൊണ്ടിരിക്കുകയാണ്, പ്രാര്‍ഥന അഭ്യര്‍ഥിച്ചു കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത. രക്ഷാസഹായവും പ്രാര്‍ഥനകളും ഒരുപോലെ തേടുകയാണ് ഈ ജനത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.