ആലിബാബ സ്ഥാപകൻ ജാക്ക് മാ ജീവിച്ചിരിപ്പുണ്ട്; ജപ്പാനിലാണിപ്പോൾ
text_fieldsടോക്യോ: ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമയും ചൈനയിലെ ശതകോടീശ്വരനുമായ ജാക്ക് മാ ഇപ്പോഴുള്ളത് എവിടെയാണെന്നറിയാമോ? ജപ്പാനിലെ ടോക്യോയിൽ അദ്ദേഹം സുരക്ഷിതനായിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഏറെ നാളായി ജാക്ക് മാ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ട്. ചൈനയിലെ കടുത്ത നിയന്ത്രണങ്ങളെ വിമർശിച്ച് 2020ൽ ഷാങ്ഹായിൽ പ്രസംഗിച്ചതിനു ശേഷമാണ് ജാക്ക് മായെ കാണാതായത്. ഇദ്ദേഹത്തെ ചൈനീസ് സർക്കാർ അപായപ്പെടുത്തിയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചൈനയിലെ ഏറ്റവും പ്രബലനായ വ്യവസായി ആയ ഇദ്ദേഹത്തെ സർക്കാരിനെ വിമർശിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നാണ് വാർത്തകൾ പ്രചരിച്ചത്. നേരത്തെ കുത്തകവിരുദ്ധ നിയമം ലംഘിച്ചെന്ന് കാണിച്ച് ആലിബാബ അടക്കമുള്ള ജാക്ക് മായുടെ കമ്പനികൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.
ആറുമാസമായി ജപ്പാനിലാണ് ഇദ്ദേഹമെന്നാണ് ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ട്. ജപ്പാനിൽ താമസമാക്കിയ ജാക്ക് മാ യു.എസിലേക്കും ഇസ്രായേലിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടത്രെ. ആലിബാബ ഗ്രൂപ്പിലെ ആദ്യകാല നിക്ഷേപകരായ ടോക്യോ ആസ്ഥാനമായ സോഫ്റ്റ്‌ബാങ്ക് ഗ്രൂപ്പിന്റെ സ്ഥാപകൻ മസയോഷി സണിന്റെ അടുത്ത സുഹൃത്താണു ജാക്ക് മാ.
ടോക്യോയിലെ നിരവധി സ്വകാര്യ ക്ലബുകളിൽ ജാക്ക് മാ അംഗത്വമെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. എപ്പോഴും ഇദ്ദേഹത്തിനൊപ്പം സ്വകാര്യ ഷെഫും സുരക്ഷാ ജീവനക്കാരും കൂടെയുണ്ടാകും. മോഡേൺ ആർട്ടിന്റെ വലിയ ശേഖരവും ഇദ്ദേഹത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.