ടൈറ്റാനിക്കിന്‍റെ കൗതുകം തേടിപ്പോയ ആ അഞ്ചുപേർ കടലിന്‍റെ ആഴങ്ങളിൽ മറഞ്ഞു...
text_fieldsആഡംബരത്തിന്റെ അവസാനവാക്കായി നീറ്റിലിറങ്ങി, കന്നിയാത്രയില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ചു തകര്‍ന്ന ടൈറ്റാനിക് ഇപ്പോഴും പലർക്കും കൗതുകമാണ്. 111 കൊല്ലം മുമ്പ് 1912 ഏപ്രില്‍ 15നായിരുന്നു ടൈറ്റാനിക് ദുരന്തം.
1985ലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. അന്നു മുതൽ അറ്റ്‌ലാന്റികിന്‍റെ ആഴങ്ങളില്‍ വിശ്രമിക്കുന്ന ടൈറ്റാനിക്കിനെ കാണാനും അറിയാനും പര്യവേഷണത്തിനും മറ്റുമായി സമുദ്രത്തിനടിയിലേക്ക് ആളുകള്‍ യാത്ര തിരിക്കുന്നത് പതിവാണ്. ഇത്തരത്തിലൊരു യാത്രയാണ് ദുരന്തത്തിൽ അവസാനിച്ചത്. കാനഡയിലെ ന്യൂഫൗണ്ട്‍ലാൻഡ് തീരത്തുനിന്ന് 600 കിലോമീറ്റർ അകലെ കടലിനടിയിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ ഞായറാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം ടൈറ്റനിൽ യാത്ര പുറപ്പെട്ടത്. 45 മിനിറ്റിനുശേഷം പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
ഏകദേശം ഒരു ട്രക്കിന്റെ വലിപ്പമുള്ള പേടകത്തിലായിരുന്നു യാത്ര. 22 അടി നീളമുള്ള പേടകത്തിന് അഞ്ചു പേരെ 96 മണിക്കൂറോളം വഹിക്കാനാകും. നാലായിരത്തില്‍ അധികം മീറ്റര്‍ ആഴത്തിലേക്ക് ഇതിന് സഞ്ചരിക്കാനുമാകും. എട്ടു ദിവസത്തെ യാത്രക്ക് ഒരാള്‍ക്ക് ചെലവ് രണ്ടു കോടി രൂപയാണ്. ആളുകളെ പേടകത്തിനുള്ളില്‍ ആക്കിയ ശേഷം പുറത്തുനിന്ന് ലോക്ക് ചെയ്യും. പുറത്തുനിന്നുള്ളവരുടെ സഹായമില്ലാതെ യാത്രികര്‍ക്ക് പുറത്തിറങ്ങാനാവില്ലെന്ന് ചുരുക്കം. ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാർഡിങ്, ടൂറിസം പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓഷ്യൻ ഗേറ്റ് ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൺ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ ഹെന്റി നർജിയോലെറ്റ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
യു.എസ് കോസ്റ്റ്ഗാർഡിന്റെയും ‘ടൈറ്റൻ’ ഉടമകളായ ഓഷ്യൻ ഗേറ്റിന്റെയും കണക്കുകൂട്ടലനുസരിച്ച് വ്യാഴാഴ്ച വൈകീട്ട് 5.30 വരെ (ഇന്ത്യൻ സമയം) മാത്രമെ അന്തർവാഹിനിയിൽ ഓക്സിജൻ അവശേഷിക്കുന്നുണ്ടായിരുന്നുള്ളു. 3800 മീറ്റർ താഴ്ചയിലേക്ക് താഴ്ന്നുപോയെന്ന് കരുതുന്ന ജലയാനം കണ്ടെത്താൻ കൂടുതൽ ആഴത്തിലും വ്യാപ്തിയിലുമാണ് തിരച്ചിൽ നടത്തിയിരുന്നത്. ഇതിനിടെ അരമണിക്കൂർ ഇടവിട്ട് അന്തർവാഹിനിയിൽനിന്ന് ശബ്ദം കേൾക്കുന്നത് പ്രതീക്ഷക്ക് വകനൽകിയിരുന്നു. അന്തർവാഹിനി ദുരന്തങ്ങളിൽ ഉപരിതലവുമായി ആശയവിനിമയം നടത്താൻ ഇടിശബ്ദങ്ങൾ പതിവാണ്. കാനഡയുടെ പി 3 ഓറിയോൺ വിമാനത്തിലെ ശബ്ദമാപിനിയാണ് തരംഗങ്ങള്‍ പിടിച്ചെടുത്തത്. തുടർന്ന് റോബോട്ടിനെ അയച്ചെങ്കിലും ദൗത്യം ഫലം കണ്ടില്ല.
ഇതിനിടെയാണ് ടൈറ്റാനിക് കപ്പലിന്‍റെ സമീപത്തുനിന്നു പേടകത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ തുറമുഖത്തുനിന്ന് യു.എസിലെ ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക് എന്ന ബ്രിട്ടീഷ് യാത്രാക്കപ്പലിൽ യാത്രക്കാരായി 2223 പേരാണ് ഉണ്ടായിരുന്നത്. ദുരന്തത്തിൽ 1,500ലധികം പേർ മരിച്ചു. കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡിലെ സെയ്ന്റ് ജോണ്‍സിന് 700 കിലോമീറ്റര്‍ തെക്കായാണ് സമുദ്രാന്തര്‍ഭാഗത്ത് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഉള്ളത്. അറ്റ്‌ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് ഏകദേശം 3,800 മീറ്റര്‍ ആഴത്തിലാണ് ഇതിന്‍റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്.
കടലിനടിയിലുണ്ടായ ശക്തമായ മർദത്തിൽ ടൈറ്റൻ പേടകം ഉൾവലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് തിരച്ചിൽ സംഘം. കടലിന്റെ അടിത്തട്ടിലുള്ള തിരച്ചിൽ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങള്‍ ഇതുവഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും തീര സംരക്ഷണ സേന അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.